കാലടി ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസിന്‍റെ രണ്ടാംഘട്ട ജൂബിലി ആഘോഷങ്ങൾക്ക് ഏപ്രിൽ 4ന് തുടക്കമാകും

 

കാലടി:കാലടി ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസിന്‍റെ രണ്ടാംഘട്ട ജൂബിലി ആഘോഷങ്ങൾക്ക് ഏപ്രിൽ 4ന് തുടക്കമാകും. 3 ദിവസം നീണ്ടുനില്കുന്ന വീഡിയോഫെസ്റ്റാണ് ആദ്യത്തെ പരിപാടി. കഴിഞ്ഞ 25 വർഷമായി ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് കലാകേരളത്തിനു സമ്മാനിച്ച മാസ്റ്റർപീസുകളായ നൃത്താവിഷ്‌കാരങ്ങളാണ് വീഡിയോഫെസ്റ്റിൽ പ്രദർശിപ്പിക്കുക.

2ദൂരദർശനുവേണ്ടി ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഇതിവൃത്തമാക്കി തയ്യാറാക്കിയ ‘ഹരിതസ്വപ്നം’, കേരളത്തിന്‍റെ നന്മകൾ വിവരിക്കുന്ന നൃത്തശില്പം ‘ കൈരളിക്കൊരു കലാഞ്ജലി ‘ എന്നീ രണ്ടു നൃത്ത ഇനങ്ങളാണ് ആദ്യ ദിവസം പ്രദർശിപ്പിക്കുക. ഗുരദേവ കൃതിയായ കുണ്ഡലിനിപ്പാട്ടിന്‍റെ നൃത്താവിഷ്‌കാരവും വേദിയിൽ അവതരിപ്പിക്കും. ഏപ്രിൽ 4ന് വൈകിട്ട് ശ്രീശങ്കരനാട്യമണ്ഡപത്തിൽനടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്തഗം സാംസൺ ചാക്കോ ഉദ്ഘാടനം ചെയ്യും. ജൂബിലി സംഘാടക സമിതി ചെയർമാൻ കെ.ടി.സലിം അദ്ധ്യക്ഷത വഹിക്കും. ജൂബിലിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂളിനു സമ്മാനിക്കുന്ന പ്രൊജക്ടറിന്‍റെ സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മാണിക്യമംഗലം നിർവഹിക്കും.  3

5 ന്‌ നടക്കുന്ന വീഡിയോഫെസ്റ്റിൽ നാദസ്വര കലാകാരൻ മങ്കൊമ്പ് രാജൻ മുഖ്യാതിഥിയായിരിക്കും. തുടർന്ന് സമരം ഇതിവൃത്തമായ ‘ആചാര്യ സ്മരണം ശരണം’ , ക്ഷേത്രങ്ങളിലെ മോഷണവും അധികാരികളുടെ നിഷ്‌ക്രിയത്വവും ഇതിവൃത്തമാക്കുന്ന നൃത്താവിഷ്‌കാരം  ‘ഭജഗോവിന്ദം സ്മരണം ശരണം ‘ എന്നിവ പ്രദർശിപ്പിക്കും.

5സമാപന ദിവസമായ 7 ന്‌ ചാക്യാർകൂത്ത് കലാകാരൻ ഡോ.എടനാട് രാജൻ നമ്പ്യാർ മുഖ്യാതിഥിയായിരിക്കും. പി.ടി.എ. വൈസ് പ്രസിഡന്റ് എ.ആർ.അനിൽകുമാർ അദ്ധ്യക്ഷനായിരിക്കും. ദൂരദർശനുവേണ്ടി തയ്യാറാക്കിയ ‘ ശങ്കരം ലോക ശങ്കരത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ, പാരിസ്ഥിതിക പ്രശ്‌നം വിശദമാക്കുന്ന ‘ പെരിയാറിന്‍റെ ഗതി ‘, ആധുനിക കാലടിയുടെ ശില്പി ആഗമാനന്ദസ്വാമികളുടെ ജീവിതത്തെ ഇതിവൃത്തമാക്കി ചിട്ടപ്പെടുത്തിയ ‘ആഗമാനന്ദചരിതം’ എന്നിവ പ്രദർശിപ്പിക്കും. എല്ലാ ദിവസവും 6.30 മുതൽ 7.30 വരെയാണ് വീഡിയോ പ്രദർശനം. മെയ് 20 മുതൽ 23 വരെ ജൂബിലി നൃത്തപരിപാടിയും നടക്കും.