ഫാ:കുര്യാക്കോസ് മാമ്പിള്ളി നിര്യാതനായി

 

അങ്കമാലി:എറണാകുളം -അങ്കമാലി മേജർ അതിരൂപതാംഗമായ ഫാ: കുര്യാക്കോസ് മാമ്പിള്ളി നിര്യാതനായി. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹികപ്രവർത്തനങ്ങളുടെ മുഖമായിരുന്നു മാമ്പിള്ളി അച്ചൻ.എറണാകുളം -അങ്കമാലി മേജർ അതിരൂപതയിലെ ഞാറയ്ക്കൽ ഇടവകാംഗമായ മാമ്പിള്ളി അച്ചൻ 1951 ഡിസംബർ 15 ന് പുത്തൻപള്ളിയിൽ ജനിച്ചു. പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം 1967 ൽ അതിരൂപതയിലെ മൈനർ സെമിനാരിയിൽ ചേർന്നു വൈദിക പരിശീലനം ആരംഭിച്ചു. പൂനെ പേപ്പൽ സെമിനാരിയിലെ തത്വശാസ്ത്ര, ദൈവ ശാസ്ത്ര പഠനത്തിനു ശേഷം 1976 ഒക്ടോബർ 27 ന് കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിൽ നിന്ന് തിരുപട്ടം സ്വീകരിച്ചു.

1977ൽ തിരുമുടിക്കുന്നിലും, 1978 ൽ യോർദ്ദനാപുരത്തും, 1978 ൽ മഞ്ഞപ്രയിലും അസിസ്റ്റന്റ് വികാരിയായും സേവനം ചെയ്തു. 1979-1981 ൽ മൂക്കന്നൂർ എൽ.എഫ്‌ ആശ്രമത്തിലെ സേവനത്തിനു ശേഷം 1982ൽ എറണാകുളം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ സോഷ്യൽ സർവ്വീസസിന്‍റെ ഡയറക്ടറായും,1988 – 1994 വരെ എസ്.എ.എഫ്.പി ഇന്ത്യ ഐശ്വര്യാഗ്രാമിന്‍റെ എക്‌സിക്യുട്ടീവ് ഡയറക്ടർ, 1999-2003 വരെ പി.ഡി.ഡി.പി ചെയർമാൻ എന്നീ തലങ്ങളിലും സേവനം ചെയ്തു. 1995 മുതൽ സേവാശ്രമത്തിന്‍റെ സ്ഥാപക ഡയറക്ടറായി ശുശ്രൂഷ ചെയ്ത് സാമൂഹിക പ്രവർത്തന മേഖലയിൽ തനതായ മുദ്ര ചാർത്തിയ അച്ചൻ കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ്‌  2 ന് അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മികത്വത്തിലുള്ള ദിവ്യ ബലിയെ തുടർന്ന് ഞാറയ്ക്കൽ പള്ളി സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും.