കാലടി കോടതി മാറ്റം :സി.ജെ.എം കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു

 

കാലടി:  ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കാലടിയിൽ നിന്നും മാറ്റുന്നതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ സി.ജെ.എം കോടതി കാലടി മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു.ഉടൻ റിപ്പോർട്ട് നൽകാനാണ് മജിസ്ട്രേറ്റ് രഘുനാഥ് എൻ.എസിനോട് ആവിശ്യപ്പെട്ടിരിക്കുന്നതും. തീർപ്പാകാതെ കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക കോടതികൾ സ്ഥാപിച്ചിരുന്നു. അതിലൊന്നാണ് കാലടി ഒന്നാം ക്ലാസ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി.

കാലടി – അയ്യമ്പുഴ സ്റ്റേഷനുകളിലേയും,ആലുവ – കാലടി എക്സൈസ് ഓഫീസുകളിലെയും, മലയാറ്റൂർ – കോടനാട് ഫോറസ്റ്റ് ഡിവിഷനുകളിലെയും കേസുകളാണ് കാലടി കോടതിയിൽ പരിഗണിക്കുന്നത്.നിരന്തരമായ ആവിശ്യത്തെ തുടർന്നാണ് കാലടിയിൽ കോടതി തുടങ്ങിയതും.കേസ് വേഗത്തിൽ തീർപ്പാക്കാൻ കോടതി തുടങ്ങിയിട്ടും 8000 ത്തോളം കേസുകൾ ഇവിടെ തീർപ്പു കൽപ്പിക്കാനുണ്ട്.സാമ്പത്തിക ബുദ്ധിമുട്ടുമൂലമാണ് കോടതി മറ്റൊരിടത്തേക്ക് മാറ്റുന്നതെന്ന് പറയുന്നു.വിവിധ കോടതികൾ ഒറ്റ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ബാർ അസോസിയേഷനും ഉന്നയിക്കുന്നുണ്ട്. എന്നാൽ കോടതി കാലടിയിൽ നിന്നും മാറ്റരുതെന്നാവശ്യപ്പെട്ട് റോജി.എം.ജോൺ എം.എൽ.എ മുഖ്യമന്ത്രിക്കും, ഹൈക്കോടതി രജിസ്ട്രാർക്കും കത്ത് നൽകിയിട്ടുണ്ട്.