തദ്ദേശ സ്ഥാപനങ്ങൾക്ക് സിയാലിന്‍റെ വക സി.എഫ്.വിളക്കുകൾ

 

നെടുമ്പശേരി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളക്കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നാല് സമീപ പഞ്ചായത്തുകൾക്കും അങ്കമാലി നഗരസഭ പതിനഞ്ചാം വാർഡിനും 18 ലക്ഷം രൂപ വിലവരുന്ന സി.എഫ് വിളക്കുകൾ നൽകി. സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ വിതരണോദ്ഘാടനം നിർവഹിച്ചു.നെടുമ്പാശ്ശേരി, കാഞ്ഞൂർ, ചെങ്ങമനാട്, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾക്കും അങ്കമാലി നഗരസഭ പതിനഞ്ചാം വാർഡിനുമാണ് സി.എഫ് വിളക്കുകൾ നൽകിയത്. 36 വാട്ടിന്‍റെ രണ്ട് ബൾബുകൾ അടങ്ങിയ 1500 സി.എഫ് സെറ്റുകളുടെ വിതരണമാണ് നടന്നത്. മുൻവർഷം 27 ലക്ഷം രൂപയുടെ സി.എഫ് വിളക്കുകൾ പഞ്ചായത്തുകൾക്ക് സിയാൽ നൽകിയിരുന്നു.

സിയാലിന്‍റെ സമീപ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ലോകബാങ്കിന്‍റെ സഹായത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയിലും സിയാൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ഉൾക്കൊണ്ടുമാത്രമേ സിയാൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കൂവെന്ന് വി.ജെ.കുര്യൻ പറഞ്ഞു. ജനങ്ങൾക്ക് ദോഷകരമായുള്ള ഒരു വികസന പ്രവർത്തനവും സിയാൽ നടത്തില്ല. ഏത് കാര്യത്തിനും ജനപ്രതിനിധികളുമായി തുറന്ന ചർച്ചയ്ക്ക് മാനേജ്‌മെന്റ് എപ്പോഴും സന്നദ്ധമാണെന്നും കുര്യൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി എൽദോ, എം.പി.ലോനപ്പൻ, പി.ആർ.രാജേഷ്, അങ്കമാലി നഗരസഭാംഗം ടി.വൈ.ഏലിയാസ് എന്നിവർ സി.എഫ് വിളക്കുകൾ ഏറ്റുവാങ്ങി. എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, കമ്പനി സെക്രട്ടറി സജി കെ.ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ചാക്കോ, ജനറൽ മാനേജർ കെ.പി.തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.