ചരിത്രത്തിനു വഴികാട്ടിയായി പുതിയേടം ക്ഷേത്രം

 

കൊച്ചിരാജകുടുംബത്തിന്‍റെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കാഞ്ഞൂർ പുതിയേടം ക്ഷേത്രം. എറണാകുളം ജില്ലയിലെ കാഞ്ഞൂർ പഞ്ചായത്തിൽ പുതിയേടത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പാർത്ഥസാരഥിയാണ് ഇവിടുത്തെ പ്രധാന മൂർത്തി. ഗണപതി, അയ്യപ്പൻ, പൂർണ്ണത്രയീശൻ, നാഗയക്ഷി, ഘണ്ഠാകർണ്ണൻ എന്നിവയാണ് ഉപദേവതമാർ. ഭഗവതിയും ഇവിടെ തുല്യപ്രാധാന്യമുളള മൂർത്തിയാണ്. മീനത്തിലെ ചോതി കൊടിയേറി തിരുവോണം ആറാട്ട്. ഭഗവതിക്ക് മീനത്തിലെ അവിട്ടംനാളിൽ താലപ്പൊലി. മണ്ഡലം 41ന് ഗുരുതിയുമുണ്ട്. ഇതു കുറുപ്പൻമാരാണ്
നടത്തുന്നത്. ഭഗവതിക്ക് ദാരുവിഗ്രഹമാണ്. ചാന്താട്ടമുണ്ട്. ഈ ക്ഷേത്രത്തിൽ ചില ദിവസങ്ങളിൽ നൂറുപറയിൽ കൂടുതൽ നേദ്യമുണ്ടായിരുന്നു. കൊച്ചി രാജകുടുംബത്തിലെ രാജാക്കൻമാരുടെ പിറന്നാളിന് ഒരു വയസ്സുകൂടുമ്പോൾ ഒരു പറയരി അധികം എന്ന കണക്കിലായിരുന്നു ഇവിടെ ഏറരി വഴിപാട്. അതിനാൽ ക്ഷേത്രത്തിൽ ചോറ് എന്നും സുലഭമായിരുന്നു. കപ്രയൂർ കർത്താവിനായിരുന്നു ഏറരിക്ക് അവകാശം. ക്ഷേത്രജീവനക്കാർക്കും ചോറായിരുന്നു പ്രധാന പ്രതിഫലം. ക്ഷേത്രജീവനക്കാരും, അമ്പലവാസികളും ബ്രാഹ്മണരും അവരുടെ ക്ഷൗരം, വേലികെട്ട്, പപ്പടം, ഇല, അലക്ക് എന്നിവയ്ക്ക് ചോറാണ് പ്രതിഫലം നൽകിയിരുന്നതും.2

ഈ ക്ഷേത്രത്തിൽ ഭഗവതിക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഇവിടെ ആദ്യം ഭഗവതിക്ഷേത്രമായിരുന്നു. ആക്രമണഭീതിമൂലം കൊട്ടാരത്തിന് പുതിയ ഇടംതേടാൻ കൊച്ചിരാജാവ് നിർദ്ദേശിച്ചപ്പോൾ കണ്ടെത്തിയതാണ് ഈ പ്രദേശം. അതിനാൽ സ്ഥലത്തിന് പുതിയേടം എന്ന പേര് കൈവന്നു. ഇടപ്രഭുക്കൻമാരായിരുന്ന കർത്താക്കൻമാരായിരുന്നു അക്കാലത്ത് വെള്ളാരപ്പിള്ളി കൈവശം വച്ച് വാണിരുന്നത്. ക്ഷേത്രത്തിന്‍റെ വടക്കും തെക്കും ഭാഗത്ത് കോവിലകങ്ങൾ പണിതീർത്തപ്പോൾ, ഈ ദേശത്തെ ഭഗവതിക്ഷേത്രവും കോവിലകത്തിന് കൈമാറി.
പാർത്ഥസാരഥി സങ്കൽപ്പമാണെങ്കിലും ഇവിടുത്തെ വിഗ്രഹത്തിൽ ഒരു കൈയ്യിൽ വെണ്ണയാണ്. മറ്റേക്കൈയ്യിൽ പക്ഷേ ചമ്മട്ടിയുണ്ട്. അപൂർവ്വസങ്കല്പമാണ്. പാർത്ഥസാരഥിയുടേയും വെണ്ണകൃഷ്ണന്റേയും സംയുക്തസങ്കല്പമാണോ വിഗ്രഹനിർമ്മാണത്തിൽ അവലംബിച്ചത് എന്നും സംശയിക്കാം. ഭഗവതിക്ഷേത്രത്തിൽ തൂക്കമുണ്ടായിരുന്നു. പുതിയേടം കോവിലകത്തെ വേട്ടയ്ക്കരന്‍റെ മുന്നിൽനിന്നാണ് തൂക്കം നടത്തിയിരുന്നയാളെ എഴുന്നള്ളിച്ചു കൊണ്ടുവന്നിരുന്നത്. ഒരു പറ നെല്ലിന് 12 അണയുണ്ടായിരുന്ന കാലത്ത് തൂക്കക്കാരന് 15 രൂപ പ്രതിഫലം കൊടുത്തിരുന്നു എന്ന് പഴമക്കാർപറയുന്നു. ഇതുകൂടാതെ 35 ദിവസം ഇടങ്ങഴി ചോറും, തിരുമ്മൽ കുഴമ്പും വേറെയും കൊടുക്കും.

3ഈ ക്ഷേത്രത്തിന്‍റെ തെക്കുഭാഗത്തുള്ള തെക്കേകോവിലകത്താണ് 926 കർക്കിടകം 10ന് കറുത്തവാവ് ദിവസം രാത്രി പൂയം നക്ഷത്രത്തിൽ ശക്തൻ തമ്പുരാൻ ജനിച്ചത്. കനത്ത മഴയും കൂരാകൂരിരുട്ടുമായിരുന്നു പ്രസവസമയത്ത്. രാമവർമ്മ അംബികത്തമ്പുരാട്ടിയായിരുന്ന അമ്മ. അച്ഛൻ ചേന്നാസ് മനയ്ക്കലെ അനുജൻ നമ്പൂതിരിപ്പാട്(പെരുമ്പടപ്പ് വിട്ടപ്പോൾ കൊച്ചിയോടൊപ്പം വന്നവരാണ് ചേന്നാസ് നമ്പൂതിരിമാർ). മൂന്ന് വയസ്സാകുന്നതിനു മുമ്പ് അമ്മ മരിച്ചു. ഇരിങ്ങാലക്കുട, തിരുവഞ്ചിക്കുളം ക്ഷേത്രങ്ങൾ പുതുക്കിപ്പണിതതും തൃശൂർ, പെരുവനം,തിരുവില്വാമല ക്ഷേത്രങ്ങൾ സർക്കാർ ഭരണത്തിലാക്കിയതും ശക്തൻ തമ്പുരാന്‍റെ കാലത്താണ്. അദ്ദേഹത്തിന്‍റെ കാലത്ത് പാലിയത്തച്ചൻ താമസം മുള്ളൂർക്കരയ്ക്കു മാറ്റിയിരുന്നു. 981 കന്നി 12നായിരുന്നു മരണം. കൊല്ലവർഷം 930നുശേഷം രാജകുടുംബത്തിന്‍റെ സ്ഥാനം ഇവിടെനിന്ന് തൃപ്പൂണിത്തുറയ്ക്കു മാറ്റി. ക്ഷേത്രാധികാരം സിദ്ധിച്ചതുകൊണ്ടും, വെള്ളാരപ്പിള്ളിയുടെ മൂന്നുഭാഗവും തിരുവിതാംകൂർ രാജ്യമായതുകൊണ്ടുമാണ് സ്ഥാനം മാറ്റിയതെന്നു കരുതുന്നു. പുതിയേടം ക്ഷേത്രം ഇപ്പോൾ കൊച്ചി ദേവസ്വംബോർഡിന്‍റെ കീഴിലാണ്.

thalam-2ഈ വർഷം ക്ഷേത്രത്തിലെ തിരുവുത്സവം 17 മുതൽ 25 വരെ ആഘോഷിക്കുന്നു.പിപുലമായ പരിപാടികളാണ് ഉത്‌സവത്തിനുളളതും. ഉത്‌സവത്തിന് വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. 18 ന് രാത്രി 7 ന് തൃക്കാർത്തിക തിരുവാതിരസംഘം അവതരിപ്പിക്കുന്ന തിരുവാതിര, 8 ന് കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരി. 19 ന് രാത്രി 8 ന് നൃത്താഞ്ജലി അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ. 20 ന് രാത്രി 8 ന് കോട്ടക്കൽ പി.എസ്.വി. നാട്യസംഘം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളി. kodiyete-121 ന് രാത്രി 8 ന് മെഗാ തിരുവാതിര. 22 ന് ഉച്ചയ്ക്ക് 12.30 ന് മഹാപ്രസാദ ഊട്ട്, വൈകീട്ട് 7 ന് കല്ലൂർ ജയനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, രാത്രി 8.30 ന് വിഷ്ണുമൂർത്തിതെയ്യം. 23 ന് രാവിലെ 8.30 ന് മൂന്ന് ഗജവീരൻമാർ അണിനിരക്കുന്ന ശ്രീബലി, ചെണ്ടമേളം രാത്രി 8.15 ന് പന്തളം സുരേഷ്‌കുമാർ വർമ്മയുടെ സംഗീതകച്ചേരി. 24 ന് വൈകീട്ട് 5 ന് ആറാട്ടുഘോഷയാത്ര, രാത്രി 8.30 ന് വളളുവനാട് കൃഷ്ണ കലാനിലയം അവതരിപ്പിക്കുന്ന നാടകം വെയിൽ. താലപ്പൊലി മഹോത്സവമായ 25 ന് രാവിലെ 8 ന് ഏഴ് ഗജവീരൻമാർ അണിനിരക്കുന്ന ശീവേലി, കിഴക്കൂട്ട് അനിയൻ മാരാരും സംഘവും നയിക്കുന്ന പഞ്ചാരിമേളം, വൈകീട്ട് 3 ന് പകൽപ്പൂരം. ചിറക്കൽ കാളിദാസൻ പകൽപ്പൂരത്തിന് തിടമ്പേറ്റും. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും സംഘവും നയിക്കുന്ന പാണ്ടിമേളം. 6.30 ന് 32 കൈകളോടുകൂടിയ ഭദ്രകാളിയുടെ കളംപൂജ ദർശനം, 7.30 ന് പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രന്‍റെ ഗാനമേള, 12 ന് ഗുരുതി, മുടിയേറ്റ് എന്നിവയുണ്ടാകും.