മലയാറ്റൂർ കുരിശുമുടി വികസനത്തിന് 2.5 കോടിയുടെ പദ്ധതി റോജി എം ജോൺ എം.എൽ.എ സർക്കാരിന് സമർപ്പിച്ചു

 

മലയാറ്റൂർ:അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയുടെ വികസനത്തിന് വിപുലമായ പദ്ധതികൾ ഉൾപ്പെടുത്തി വിശദമായ രൂപരേഖ സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായി റോജി എം ജോൺ എം.എൽ.എ അറിയിച്ചു. ലക്ഷകണക്കിന് തീർത്ഥാടകർ വർഷംതോറും വന്നെത്തുന്ന മലയാറ്റൂർ കുരിശുമുടിയുടെ ടൂറിസം വികസനത്തിന്‍റെ ഭാഗമായി അടിസ്ഥാന വികസനം ലക്ഷ്യമാക്കി വിപുലമായ പദ്ധതികളടങ്ങിയ രൂപരേഖയാണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി എം.എൽ.എ ചർച്ച നടത്തി. roji

തീർത്ഥാടകരുടെ സൗകര്യാർത്ഥം കൂടുതൽ എൽഇഡി ലൈറ്റുകൾ, ടോയിലറ്റ് സൗകര്യങ്ങൾ, കുടിവെള്ളത്തിനും വിശ്രമത്തിനും ആവശ്യമായ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് പദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കേവലം 15 കിലോമീറ്റർ മാത്രം അകലമുള്ള രാജ്യാന്തര വിമാനത്താവളത്തിന്‍റെ സാമീപ്യം പോലുള്ള വിവിധ കാര്യങ്ങൾ മുൻനിർത്തിയാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. വലിയ നോമ്പിന്‍റെ ആരംഭം മുതൽ അനുഭവപ്പെടുന്ന തീർത്ഥാടക പ്രവാഹത്തിനുശേഷം പ്രദേശത്ത് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന മാലിന്യ പ്രശ്‌നങ്ങൾ ലഘുകരിക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങളും പദ്ധതി റിപ്പോർട്ടിലുണ്ട്.3

ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകളും തീർത്ഥാടകർക്ക് വിശ്രമത്തിനുള്ള പ്രകൃതിയ്ക്കിണങ്ങുന്ന ചെറിയ കുടിലുകളും ഇളനീർ പന്തലുകളും ആവശ്യത്തിന് ടോയിലറ്റുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളത്തിന് സഹായകരമാകും വിധം പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും തണൽ മരങ്ങളും മനോഹരമായ പുൽതകിടികളും വച്ചുപിടിപ്പിക്കുന്നതിനും ഇവ സംരക്ഷിക്കുന്നതിന് ആവശ്യമായ വേലികൾ നിർമ്മിക്കുന്നതിനും ആധുനിക വെളിച്ച വിതാനങ്ങൾ സ്ഥാപിക്കുന്നതിനും കൃത്യമായ രൂപരേഖ പദ്ധതിയിൽ പറയുന്നു. കല്ല് കൊണ്ട് നിർമ്മിച്ച ബെഞ്ചുകളും സോളാർ ലൈറ്റുകളും മണപ്പാട്ടുചിറയ്ക്ക് ചുറ്റും നടപ്പാതയും നിർമ്മിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു.

manappatuമലയടിവാരത്തുള്ള മണപ്പാട്ടുചിറയിൽ നക്ഷത്ര തടാകം മെഗാ കാർണിവൽ നടക്കുന്ന സമയത്ത് അവിടെയെത്തിയ ടൂറിസം മന്ത്രി ഈ വിധ പദ്ധതികൾ സംബന്ധിച്ചുള്ള ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എം.എൽ.എയ്ക്ക് ഉറപ്പ് നൽകിയിരുന്നു.

srigariകാലടി ശ്രൃഗേരി മഠത്തിന് സമീപത്തായി ഡിജിറ്റൽ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി റോജി എം ജോൺ എംഎൽഎ പറഞ്ഞു.
മണപ്പാട്ടുചിറ വികസനവും കാലടി വികസന പദ്ധതികളും ഉൾപ്പെടെ അഞ്ച് കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടത്തിപ്പ് സംസ്ഥാന സർക്കാരിന്‍റെ തനത് ഫണ്ടിൽപ്പെടുത്തി എത്രയും വേഗം പൂർത്തിയാക്കണമെന്നും എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.