ഒരുദിവസം മൂന്ന് സംരംഭങ്ങൾക്ക് തുടക്കം: സിയാലിന് വികസനക്കുതിപ്പ്

 

നെടുമ്പാശേരി:മൂന്ന് വൻകിട പദ്ധതികൾ ഒരുദിവസത്തിൽ ഉദ്ഘാടനം ചെയ്യാൻ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി ഒരുങ്ങുന്നു. പുതിയ അന്താരാഷ്ട്ര ടെർമിനൽ; ടി – 3 യുടെ  പ്രവർത്തനം, നാലുവരിപ്പാതയും മേൽപ്പാലവും ഗതാഗതത്തിന് തുറന്നുകൊടുക്കൽ, സൗരോർജ വൈദ്യുതി ഉത്പാദന ശേഷി വർധിപ്പിക്കലിന്‍റെ ഒന്നാംഘട്ടം എന്നീ സംരംഭങ്ങൾ ശനിയാഴ്ച വൈകീട്ട് നാലുമണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടി-3 ഡിപ്പാർച്ചർ ലോഞ്ചിലാണ് ഉദ്ഘാടനച്ചടങ്ങ്.
n3തറക്കല്ലിട്ട് മൂന്നുവർഷം കൊണ്ട് 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള എയർപോർട്ട് ടെർമിനലാണ് സിയാൽ പൂർത്തിയാക്കിയത്. കേരളത്തിന്‍റെ തനത് വാസ്തുഭംഗിയും അന്താരാഷ്ട്ര നിലവാരത്തിലെ വിമാനത്താവള സജ്ജീകരണങ്ങളും കോർത്തിണക്കിക്കൊണ്ടാണ് ടി- 3 നിർമാണം പൂർത്തിയായത്. ഏറെ കുറഞ്ഞ ചെലവിൽ,ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ ടെർമിനൽ നിർമാണം പൂർത്തിയാക്കിയതിന് എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം സിയാലിന് ലഭിച്ചിട്ടുണ്ട്. 850 കോടി രൂപ മുടക്കിയാണ് സിയാൽ, ടി-3 പണികഴിപ്പിച്ചത്. വിമാനത്താവള ഓപ്പറേഷന് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണ് മേൽപ്പറഞ്ഞ 850 കോടി രൂപയിൽ 213 കോടി രൂപ ചെലവിട്ടത്. കേന്ദ്രീകൃത എയർ കണ്ടിഷനിങ്, എസ്‌കലേറ്റർ, എലിവേറ്റർ, മൂവിങ് വാക്ക് വേ ഉൾപ്പെടെ 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ടെർമിനൽ നിർമാണത്തിന് 637 കോടി രൂപ മാത്രമാണ് ചെലവിട്ടത്. നിർമാണച്ചെലവ് ചതുരശ്രയടിയ്ക്ക് 4250 രൂപ. ടി-3 യ്ക്കായി 25 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഏപ്രൺ നിർമാണ ജോലികൾ നേരത്തേ തന്നെ പൂർത്തിയായിക്കഴിഞ്ഞിരുന്നു. 175 കോടി ചെലവിട്ടാണ് ഏപ്രൺ പണികഴിപ്പിച്ചത്. n2
ദേശീയ പാതയിൽ അത്താണിയിൽ നിന്ന് വിമാനത്താവളം വരെ പണികഴിപ്പിച്ച നാലുവരിപ്പാതയും അതിന്‍റെ ഭാഗമായ മേൽപ്പാലവുമാണ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ പദ്ധതി. 4.3 കിലോമീറ്ററാണ് നീളം. മേൽപ്പാലത്തിന്‍റെ നീളം 686 മീറ്റർ. മൊത്തം 98 കോടി രൂപ മുതൽ മുടക്കിലാണ് സിയാൽ നാലുവരിപ്പാതയും മേൽപ്പാലവും പണികഴിപ്പിച്ചിട്ടുള്ളത്.
n4gസൗരോർജ വൈദ്യുതി ഉത്പാദന ശേഷി വർധിപ്പിക്കലാണ് മൂന്നാമത്തെ സംരംഭം. നിലവിൽ സിയാലിന്‍റെ വിവിധ സൗരോർജ പാനലുകളുടെ മൊത്തം സ്ഥാപിതശേഷി 15.5 മെഗാവാട്ടാണ്. ഇത് 21.5 മെഗാവാട്ടായി ഉയർത്താനാണ് ഒന്നാംഘട്ട വികസനത്തിൽ ലക്ഷ്യമിടുന്നത്.