മലയാറ്റൂരിൽ ഹർത്താൽ പൂർണ്ണം

 

മലയാറ്റൂർ: മലയാറ്റൂർ കുരുശുമുടിക്കു സമീപം ടാർ മിക്‌സിംഗ് പ്ലാന്റിന് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പരിധിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. വാഹനങ്ങൾ ഓടിയില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ഗ്രാമപഞ്ചായത്ത് ഓഫീസ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. നീലീശ്വരത്ത് സമരസമിതിയുടെ നേതൃത്വത്തിൽ നീലീശ്വരം ജംഗ്ഷനിൽ പ്രതിഷേധപ്രകടനം നടന്നു. malattoor-plant-harthal

ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായോ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരിക്കുന്നവരുമായോ കൂടിയാലോചനയില്ലാതെയാണ് പഞ്ചായത്ത് സെക്രട്ടറി ടാർ പ്ലാന്റിന് പ്രവർത്തനാനുമതി നൽകിയതെന്ന് ജനകീയ സമരസമിതി പറയുന്നു. രണ്ടരമാസക്കാലമായി പ്ലന്റിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് മലയാറ്റൂരിൽ വിവിധ സമരങ്ങൾ നടന്നു വരുകയാണ്. വൈദികരും ഇതര സാമൂദായിക സംഘടനാ നേതാക്കളും വിവിധ രാഷ്ട്രീയ കക്ഷികളും ചേർന്ന് രൂപീകരിച്ച സമരസമിതിയുടെ നേത്വത്തത്തിലാണ് പ്രക്ഷോഭണപരിപാടികൾ നടന്നുവരുന്നത്. ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തിൽ പഞ്ചായത്തിൽ ഇപ്പോൾ ഭരണം നടത്തുന്നത് കോൺഗ്രസ്സാണ്. എന്നാൽ ടാർ പ്ലാന്റ് വിഷയത്തിൽ ഭരണമുന്നണിയിൽപ്പെട്ട കേരള കോൺഗ്രസ്സ് (എം) പ്രതിനിധി പരസ്യവിയോജിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.malattoor-plant-harthal-3

പരിസ്ഥിതി പ്രത്യാഘാതം, ആരോഗ്യ പ്രശ്‌നങ്ങൾ, ജലാശയങ്ങളുടെ മലിനീകരണം, വാഹനപ്പെരുപ്പം, അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ തീർത്ഥാടനത്തെ പ്രതികൂലമായി ബാധിക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾ മുൻനിർത്തിയാണ് പ്ലാന്റിന്‍റെ പ്രവർത്തനം ആരംഭിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്ന് സമരസമിതി വ്യക്തമാക്കി.