മലയാറ്റൂരിൽ  ടാർ പ്ലാന്‍റ്; ജനകീയ സമര സമിതി പഞ്ചായത്ത് ഉപരോധിച്ചു: ശനിയാഴ്ച്ച ഹർത്താൽ

 

മലയാറ്റൂർ: കുരിശുമുടിക്കു സമീപം യൂക്കാലിയിൽ ടാർ പ്ലാന്റിന് പ്രവർത്തനാനുമതി നൽകിയതിനു പിന്നിൽ നഗ്നമായ അഴിമതി നടന്നിട്ടുണ്ടെന്ന് നീറ്റ ജലാറ്റിൻ സമര സമിതി ചെയർമാൻ ജെയ്‌സൺ പാനികുളങ്ങര പറഞ്ഞു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ സാധുതയില്ലാത്ത ഈ അനുമതിക്ക് അൽപ്പായുസ്സ് മാത്രമാണുള്ളത്. ഒരു നാടിനെ ഒറ്റു കൊടുത്തവർ എന്ന പേരിലാകും പഞ്ചായത്ത് സെക്രട്ടറിയേയും കമ്മിറ്റി അംഗങ്ങളെയും ചരിത്രം രേഖപ്പെടുത്തുകയെന്നും ജെയ്‌സൺ പറഞ്ഞു. 2സെബിയൂർ പളളി വികാരി ഫാ. ബിനീഷ് പൂണോളി അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി. ജനറൽ സെക്രട്ടറി ബിജു ആബേൽ ജേക്കബ്, ജനാധിപത്യ കേരള കോൺഗ്രസ്സ് നേതാവ് ടി.ഡി.സ്റ്റീഫൻ, ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി ശരത് ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.എ. ലിനോ, മുൻ ബ്ലോക്ക് പഞ്ചായത്തംഗം ടിനു തറയിൽ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി പൗളിൻ കൊറ്റമം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിജി ടോമി, ജാൻസി ബെന്നി, മനോജ് നാൽപ്പാടൻ, നെൽസൺ മാടവന, മോമി തറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇതിനിടെ ഗ്രാമപഞ്ചായത്ത് തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏഴ് പ്രതിപക്ഷ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ രംഗത്തെത്തി. ഇവർ പഞ്ചായത്ത് സെക്രട്ടറിക്ക് വിയോജന കുറിപ്പ് കൈമാറി. സമര പരിപാടിയുടെ നേതൃരംഗത്ത് തങ്ങൾ ഉണ്ടാകുമെന്നും പ്രവർത്താനാനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറി തങ്ങളുമായി കൂടിയാലോചന നടത്തിയില്ലെന്നും പ്രതിപക്ഷാംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.3

ടാർ പ്ലാന്റ് അനുമതിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച്ച മലയാറ്റൂർ – നീലിശ്വരം ഗ്രാമപഞ്ചായത്തിൽ സമര സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയായിരിക്കും ഹർത്താൽ. പാൽ – പത്ര വിതരണം, ആശുപത്രി, ഉൽസവങ്ങൾ, തീർത്ഥാടനം, വിവാഹം തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി സമര സമിതി ഭാരവാഹികൾ അറിയിച്ചു. ഹർത്താലിന് മുന്നോടിയായി സമര സമിതിയുടെ നേതൃത്വത്തിൽ നിലീശ്വരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി.