കാപ്പാ നിയമപ്രകാരം കാലടി പോലീസ് ഒരാളെ അറസ്റ്റു ചെയ്തു 

കാലടി:അയ്യമ്പുഴ നെടുങ്കോട് പൈനാടത്ത് വീട്ടിൽ സോമി(30)യെയാണ് കാപ്പാ നിയമപ്രകാരം കാലടി പോലീസ് അറസ്റ്റു ചെയ്തത്.വിവിധ സ്‌റ്റേഷനുകളിലായി കൊലപാതകശ്രമം,ആയുധം ഉപയോഗിച്ചുകൊണ്ടും,സ്‌പോടക വസ്തു ഉപയോഗിച്ചുകൊണ്ടുമുളള കുറ്റകൃത്യം,കൊളളയടിക്കൽ,അടിപിടി ഉൾപ്പെടെ  16 ഓളം കേസിൽ പ്രതിയാണ് സോമി.അങ്കമാലി പോലീസ് സ്‌റ്റേഷൻ പരിധിയിൽ 2009 ൽ വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ച് കവർച്ച ചെയ്ത കേസിൽ സോമിയെ 7 വർഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്.ഈ കേസിൽ ജാമ്യത്തിൽ കഴിയുമ്പോൾ 2016 ഒക്‌റ്റോബർ 28 ന് മഞ്ഞപ്രയിൽ അയ്യമ്പുഴ സ്വദേശി അജീഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.സംഭവത്തിൽ ഒന്നാം പ്രതിയാണ് സോമി.സോമിയെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കുറ്റകൃത്യങ്ങൾ നടത്താൻ പദ്ധതിയിടുകയായിരുന്നു.ഇതേ തുടർന്നാണ് കാപ്പാ നിയമ പ്രകാരം സോമിയെ അറസ്റ്റു ചെയ്തത്.കാലടി സി.ഐ സജി മാർക്കോസിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ വീയ്യൂർ സെൻട്രൽ ജയിലിലേക്കയച്ചു.റൂറൽ എസ്.പി എ.വി ജോർജ്ജ് ഐ.പി.എസിന്‍റെ നിർദ്ദേശപ്രകാരം പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ.എസ് സുദർശനന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ സി.ഐ സജി മാർക്കോസ്,പോലീസുകാരായ ശ്രീകുമാർ,അബ്ദുൾ സത്താർ,മുഹമദ് ഇക്ബാൽ,ലാൽ എന്നിവരുമുണ്ടായിരുന്നു.കാലടി സർക്കിൾ പരിധിയിലെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന്‍റെ ഭാഗമായി ഗുണ്ടകൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സി.ഐ സജി മാർക്കോസ് പറഞ്ഞൂ.