മലയാറ്റൂർ ടാർ മിക്‌സിംഗ് പ്ലാന്റ് ഭരണകൂട ഭീകരതയെന്ന് അഡ്വ. ജയശങ്കർ: പ്ലാന്റിനെതിരെ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

മലയാറ്റൂർ:പരിസ്ഥിതിക്കും ജനജീവിതത്തിനും ഒട്ടേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ടാർ മിക്‌സിംഗ് പ്ലാന്റിന് മലയാറ്റൂരിൽ അനുമതി നൽകിയത് ഭരണകൂട ഭീകരത തന്നെയാണെന്ന് പ്രമുഖ സാമൂഹ്യനിരീക്ഷകനായ അഡ്വ. ജയശങ്കർ. റെഡ് കാറ്റഗറിയിൽപ്പെട്ട ഈ പ്ലാന്റിന് ഒരു വിയോജനകുറിപ്പു പോലും ഇല്ലാതെ പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്‌ഠേന അനുമതി നൽകിയത് പഞ്ചായത്ത് അംഗങ്ങൾ പണം വാങ്ങിയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ടാർ പ്ലാന്റിനെതിരെ ജനകീയ സമരസമിതി വിമലഗിരിയിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ മുന്നേറ്റം ശക്തമാകുമ്പോൾ ഈ തീരുമാനമെടുത്തവർ അത് പിൻവലിക്കേണ്ടിവരുമെന്നും ജയശങ്കർ പറഞ്ഞു. ടാർ പ്ലാന്റ് യാഥാർത്ഥ്യമായാൽ ഒരു നാടിനെ മുഴുവൻ ആശുപത്രി വാർഡിൽ പ്രവേശിപ്പിക്കുന്നതിനു തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു.tar-plant-2

നാളെയെ പറ്റിയോ പ്രകൃതിസംരക്ഷണത്തേ പറ്റിയോ ഒരു കാഴ്ച്ചപ്പാടുമില്ലാത്തവരാണ് തങ്ങളെന്ന് പഞ്ചായത്ത് അംഗങ്ങൾ ഈ തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് നീറ്റ ജലാറ്റിൻ ആക് ഷൻ കൗൺസിൽ പ്രസിഡന്റ് ജെയ്‌സൺ പാനികുളങ്ങര പറഞ്ഞു. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചും കൈകൂലി നൽകിയുമാണ് ഇപ്പോഴത്തെ മുഴുവൻ അനുമതിയും പ്ലാന്റുടമ സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഭരണ സമിതിയും ഈ വിഷയത്തിൽ നഗ്നമായ അഴിമതിയും നിയമലംഘനവും നടത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെയുത്തി.

അങ്കമാലി എം.എൽ.എ റോജി ജോൺ ഈ വിഷയത്തിൽ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് വിമലഗിരി വികാരി ഫാ.ജോഷി കളപ്പറമ്പത്ത് ആവശ്യപ്പെട്ടു. സമരസമിതി കൺവീനർ ടി.ഡി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർമാരായ ബിജു ആബേൽ ജേക്കബ്, ടിനു തറയിൽ, എൻ.പി. വിൽസൺ ആം ആദ്മി സംസ്ഥാന കോർഡിനേറ്റർ സി.ജെ. വർഗീസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സനൽ പി. തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ ചെങ്ങാട്ട്, യുവജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് റിജോ മേനാച്ചേരി, സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂൾ മുൻ പ്രിൻസിപ്പാൾ ജോയ് തേക്കാനത്ത്, കെ.പി.എം.എസ്. ശാഖാ പ്രസിഡന്റ് യു.റ്റി. ഷൈൻ, എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ് എൻ.ബി.രാജേഷ്, ജോസഫ് മേനാച്ചേരി, എന്നിവർ പ്രസംഗിച്ചു.