സർവകലാശാലകളിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത് മികച്ച ഗവേഷണഫലങ്ങൾ : മന്ത്രി സി. രവീന്ദ്രനാഥ്

 

  • സർവകലാശാലകൾ ജനങ്ങളുമായി സംവദിച്ച് ജനമനസ്സിലേയ്ക്ക് ഇറങ്ങി വരണം
  • ശ്രീ ശങ്കര പ്രതിമ സാക്ഷാത്ക്കരിച്ച  വിദ്യാർത്ഥികളെയും അധ്യാപകരെയും  മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അനുമോദിച്ചു

കാലടി:സർവകലാശാലകളിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത് അക്കാദമിക് മികവും നല്ല ഗവേഷണഫലങ്ങളുമാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യപ്രവേശന കവാടത്തിന്‍റെയും സൗരോർജ്ജനിലയത്തിന്‍റെയും ഉദ്ഘാടനവും  ശ്രീ ശങ്കര പ്രതിമയുടെ അനാച്ഛാദനവും ലാങ്‌ഗ്വേജ് ബ്ലോക്കിന്‍റെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ക്വാർട്ടേഴ്‌സിന്‍റെയും ശിലാസ്ഥാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണങ്ങളാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. മികച്ച ഗവേഷണഫലങ്ങൾ സർവകലാ ശാലകളിൽ നിന്നും ഉല്പാദിപ്പിക്കപ്പെടണം. അങ്ങനെ സമൂഹത്തിന്‍റെ മനസ്സിൽ സർവകലാശാല കളുടെ സ്ഥാനം ഉയരണം. സർവകലാശാലകൾ ഉല്പാദിപ്പിക്കപ്പെടുന്ന ഗവേഷണഫലങ്ങൾ സമൂഹത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതായിരിക്കണം. സർവകലാശാലകൾ ജനങ്ങളുമായി സംവദിച്ച് ജനമനസ്സിലേയ്ക്ക് ഇറങ്ങി വരണം, മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.3 ശ്രീ ശങ്കര പ്രതിമ സാക്ഷാത്ക്കരിച്ച സർവകലാശാലയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അനുമോദിച്ചു. സർവകലാശാലയിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഉള്ളിലുള്ള ആശയം ജനങ്ങളിലേയ്ക്ക് എത്തുന്നതിന്‍റെ രൂപഭാവമായാണ് ഞാൻ ശ്രീ ശങ്കര പ്രതിമയെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ശ്രീ ശങ്കര പ്രതിമയുടെ സാക്ഷാത്ക്കാരത്തിന് നേതൃത്വം നൽകിയ സർവകലാശാലയിലെ ചിത്രകലാവിഭാഗം മേധാവി ഡോ. ടി. ജി. ജ്യോതിലാലിനെ വിദ്യാഭ്യാസമന്ത്രി പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. മുഖ്യകവാടത്തിന്‍റെ രൂപകല്പന നിർവ്വഹിച്ച ആർക്കിടെക്ട് അജിത് അസ്സോസിയേറ്റ്‌സ്, നിർമ്മാണ പ്രവർത്തനങ്ങൾ നിർവ്വഹിച്ച ഷിബു വർഗ്ഗീസ്, സൗരോർജ്ജ നിലയം സാക്ഷാത്ക്കരിച്ച കെൽട്രോൺ എന്നിവർക്ക് വിദ്യാഭ്യാസമന്ത്രി ഉപഹാരങ്ങൾ നൽകി ആദരിച്ചു.4
കനകധാര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ റോജി എം. ജോൺ എം.എൽ.എ. അധ്യക്ഷനായിരുന്നു. വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്കുമാർ ആമുഖപ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗം ഡോ. കെ. ജി. രാമദാസൻ പദ്ധതികൾ വിശദീകരിച്ച് പ്രവർത്തനരേഖ അവതരിപ്പിച്ചു. യാക്കോബായ സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനം മെത്രാപ്പൊലീത്തയും അന്ത്യോക്യ സത്യവിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റുമായ ബിഷപ് ഡോ. ഏലിയാസ് മോർ അത്തനേഷ്യസ്, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. പി. ജോർജ്ജ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വി. ജി. ഗോപാലകൃഷ്ണൻ, പ്രൊഫ. എസ്. മോഹൻദാസ്, പ്രൊഫ. തോമസ് കെ. ജോബ്, സർവകലാശാല യൂണിയൻ ചെയർമാൻ രാഹുൽ എം.എസ്. എന്നിവർ പ്രസംഗിച്ചു. 5കാനഡയിലെ സെന്റ് ഫ്രാൻസിസ് യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി പ്രൊഫസർ വില്യം സ്വീറ്റ് സന്നിഹിതനായിരുന്നു. പ്രോ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് സ്വാഗതവും രജിസ്ട്രാർ ഡോ. ടി. പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.