തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ശ്രീ പാർവതീദേവിയുടെ നട തുറന്നു

 

  • വർഷത്തിൽ 12 ദിസസം മാത്രമാണ് ശ്രീ പാർവതീദേവിയുടെ നട തുറക്കു
  • രാവിലെ 4 മുതൽ 1.30 വരെയും വൈകുന്നേരം 4 മുതൽ 8.30 വരെയുമാണ് ദർശന സമയം
  • 22 രാത്രി 8 മണിക്ക് നട അടയ്ക്കും

ആലുവ: ധനുമാസത്തിലെ തിരുവാതിര നാളിൽ ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീ പാർവതീദേവിയുടെ നട തുറന്നു. സർവ്വാഭരണ വിഭൂഷിതയായ മംഗല്യവരദായിനീദേവിയുടെ പ്രഥമദർശനത്തോടെ അന്തരീക്ഷം ദേവീനാമ മുഖരിതമായി. ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന അകവൂർ മനയിൽനിന്നുള്ള തിരുവാഭരണഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നതിനുശേഷം രാത്രി 8 മണിയോടെയാണ് നടതുറപ്പ് ചടങ്ങുകളാരംഭിച്ചത്.

ബുധനാഴ്ച്ച വൈകിട്ട് നാലുമണിയോടെ അകവൂർ മനയിൽനിന്നും തിരുവാഭരണ രഥഘോഷയാത്ര പുറപ്പെട്ടു. അകവൂർ നാരായണൻ നമ്പൂതിരിപ്പാടിൽനിന്നും ദേവിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി പി.ജി. സുധാകരൻ, വൈസ് പ്രസിഡന്റ് എസ്. ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി ഉണ്ണി മാടവന എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 2അകവൂർ ശ്രീരാമമൂർത്തി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കുശേഷം മനയിലെ കാരണവർ കെടാവിളക്കിൽനിന്ന് ദീപം രഥത്തിലെ തിരുവാഭരണ അലങ്കാരങ്ങൾക്കുമുമ്പിൽ കൊളുത്തി. തുടർന്ന് ശ്രീപാർവതീദേവിയുടെ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പൂത്താലമേന്തിയ മങ്കമാരും വാദ്യമേളങ്ങൾക്കൊത്ത് നിറഞ്ഞാടിയ പൂക്കാവടികളും വർണ്ണശോഭയേകിയ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഉടനെ നടതുറപ്പിനുള്ള ആചാരങ്ങൾക്കു തുടക്കമായി. നടതുറപ്പ്, നടയടപ്പ് ആചാരങ്ങൾക്കു കാർമ്മികത്വം വഹിക്കുന്ന ശ്രീപാർവതീദേവിയുടെ പ്രിയതോഴി പുഷ്പിണിയും ക്ഷേത്ര ഊരാണ്മക്കാരായ അകവൂർ, വെടിയൂർ, വെണ്മണി മനകളിലെ പ്രതിനിധികളും ഉത്സവനടത്തിപ്പിനുവേണ്ടിയുള്ള സമുദായ തിരുമേനിയായ ചെറുമുക്ക് വൈദികൻ വാസുദേവൻ അക്കിത്തിരിപ്പാടും ക്ഷേത്ര നടയിൽ സന്നിഹിതരായി. 4പുഷ്പിണിയായി സങ്കല്പിക്കപ്പെടുന്ന എടനാട് അല്ലിമംഗലം കുടുംബാംഗം തങ്കമണി ബ്രാഹ്മണിയമ്മ ആചാരപ്രകാരം ഊരാണ്മക്കാര് എത്തിയിട്ടുണ്ടോ എന്നു വിളിച്ചുചൊല്ലി ഉറപ്പാക്കി. അകത്തുള്ള ദേവിയ്ക്ക് വിളക്കുവയ്പ്പും അലങ്കാരങ്ങളും പൂർത്തിയായി എന്ന വിവരം ലഭിച്ചതോടെ പുഷ്പിണിയുടെ അനുവാദത്തോടെ ഒരു വർഷത്തെ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് സർവ്വാഭരവിഭൂഷിതയായ ദേവിയുടെ നട തുറന്നു.

ദർശനത്തിനുശേഷം ദേവിയെ ശ്രീകോവിലിൽനിന്നു പാട്ടുപുരയിലേയ്ക്ക് എഴുന്നള്ളിച്ചിരുത്തി. ദേവിയെ പീഠത്തിൽവച്ച് പ്രതിഷ്ഠിച്ച് നിവേദ്യപൂജ നടത്തി. ഈ രാത്രി മുഴുവൻ ഇവിടെ കഴിയുന്ന ദേവിയ്ക്ക് തോഴി ബ്രാഹ്മണിയമ്മ പാട്ടും ശീലുകളുമായി ഉറക്കമൊഴിഞ്ഞ് കൂട്ടിരിക്കും. 3ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസം മാത്രമേ ദേവിയുടെ നട തുറക്കൂ. രാവിലെ 4 മുതൽ 1.30 വരെയും വൈകുന്നേരം 4 മുതൽ 8.30 വരെയുമാണ് ദർശന സമയം. 22 രാത്രി 8 മണിക്ക് നട അടയ്ക്കും.