തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നടതുറപ്പ് ജനുവരി 11-ന്: ഒരുക്കങ്ങൾ പൂർത്തിയായി

 

  • ജനുവരി പതിനൊന്നിന് വൈകുന്നേരം നാലിന് അകവൂർ മനയിൽനിന്ന് തിരുവാഭരണ രഥഘോഷയാത്ര തുടങ്ങും
  • മുന്നൂറോളം പോലീസുകാർക്കാണ് ഉത്സവത്തിന്‍റെ സുരക്ഷാ ചുമതല
  • ഒരേസമയം ആയിരത്തഞ്ഞൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.

ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി പതിനൊന്നിന് രാത്രി എട്ടിന് നടതുറക്കും. വർഷത്തിൽ ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസങ്ങൾ മാത്രമാണ് മംഗല്യവരദായിനിയായ ശ്രീപാർവതീദേവിയുടെ നടതുറക്കുക. കേരളത്തിലും പുറത്തുംനിന്നും ലക്ഷക്കണക്കിന് പേർ വന്നെത്തുന്ന ഉത്സവമാണ് നടതുറപ്പ്.അൻപതിനായിരം പേർക്ക് സുരക്ഷിതമായി കാത്തിരിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇപ്രാവശ്യം നടപ്പന്തൽ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ഇരുപതിനായിരം ചതുരശ്രമീറ്ററാണ് വിസ്തീർണം. പന്ത്രണ്ട് ദിവസവും ക്ഷേത്ര ട്രസ്റ്റിന്‍റെ വകയായി അന്നദാനം നടത്തും. അരവണ പായസവും അവിൽ നിവേദ്യവും ഉണ്ണിയപ്പവും പ്രസാദമായി നല്കുന്നതിനായി പ്രത്യേക കൗണ്ടറുകൾ ഒരുക്കും.thiru13

ഉത്സവത്തോടനുബന്ധിച്ച് ആലുവയിൽ ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ ആലുവ, പെരുമ്പാവൂർ, അങ്കമാലി, പറവൂർ, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിപ്പോകളിൽനിന്ന് പ്രത്യേക സർവീസ് നടത്തും. ക്ഷേത്രപരിസരത്ത് രണ്ട് താത്കാലിക ബസ് സ്റ്റേഷനുകൾ പ്രവർത്തിക്കും. ആലുവ റൂറൽ എസ്പിയുടെയും പെരുമ്പാവൂർ ഡിവൈഎസ്പിയുടെയും നേതൃത്വത്തിൽ മുന്നൂറോളം പോലീസുകാർക്കാണ് ഉത്സവത്തിന്‍റെ സുരക്ഷാ ചുമതല. കൂടാതെ ഇരുന്നൂറ്റി അൻപത് സ്വകാര്യ ഗാർഡുകളും ഇരുന്നൂറിലധികം വോളണ്ടിയർമാരുമുണ്ടാകും. ഒരേസമയം ആയിരത്തഞ്ഞൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.

ക്ഷേത്രവും പരിസരവും മുഴുവൻ സമയം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിൽ ആയിരിക്കും. ആലുവ തഹസീൽദാറിന്‍റെ നേതൃത്വത്തിൽ സർക്കാരിന്‍റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കൺട്രോൾ റൂം പ്രവർത്തസജ്ജമായിരിക്കും. ആതുരശുശ്രൂഷയ്ക്കായി എറണാകുളം ലക്ഷ്മി ആശുപത്രിയുമായി സഹകരിച്ചുള്ള ഗൗരി ലക്ഷ്മി മെഡിക്കൽ സെന്ററിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യ ഹോമിയോ, ആയുർവ്വേദ ക്ലിനിക്കുകളുടെ സേവനവുമുണ്ടാകും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും മേൽനോട്ടവുമുണ്ടാകും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റുകൾ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കും.thiru12ജനുവരി പതിനൊന്നിന് വൈകുന്നേരം നാലിന് അകവൂർ മനയിൽനിന്ന് തിരുവാഭരണ രഥഘോഷയാത്ര തുടങ്ങും. തങ്കഗോള, തങ്കചന്ദ്രക്കല, തങ്കക്കിരീടം, തിരുമുഖം തുടങ്ങിയ തിരുവാഭരണങ്ങൾ ക്ഷേത്രട്രസ്റ്റ് ഭാരവാഹികൾ ഏറ്റുവാങ്ങും. താലം, പൂക്കാവടി, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര. തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തി ആചാരപരമായ ചടങ്ങുകൾക്കുശേഷം രാത്രി എട്ടു മണിയോടെ നട തുറക്കും.