പാടശേഖരം നിരത്തി അനധികൃത കരിങ്കല്‍ ശേഖരംകാലടി:ഗവണ്‍മെന്റ് തണ്ണീര്‍ത്തടസംരക്ഷണവും ഹരിതകേരള പദ്ധതിയും നടപ്പാക്കുമ്പോള്‍ മഞ്ഞപ്ര കുഴിയാംപാടം പാടശേഖരം കരിങ്കല്ലും പാറമട്ടിയും അടിച്ച് വ്യാപകമായി നികത്തുന്നു.ഏക്കറുകണക്കിനു വരുന്ന പാടശേഖരവും തണ്ണീര്‍ത്തടങ്ങളുമാണ് നികത്തുന്നത്.സ്വകാര്യ വ്യക്തിയുടെ ക്രഷര്‍ യൂണിറ്റില്‍ നിന്നുമാണ് കരിങ്കല്ല് കൊണ്ടുവന്നിട്ടിരിക്കുന്നത്. നിയമം ലംഘിച്ചുകൊണ്ട് നടത്തുന്ന പല പാറമടകളുടെയും പ്രവര്‍ത്തനങ്ങള്‍ കോടതി ഇടപെട്ട് നിര്‍ത്തലാക്കിയത് മൂലം ക്രഷറുകളുടെ പ്രവര്‍ത്തനം നിലയ്ക്കാതിരിക്കാന്‍ പാറമട ലോബികളും ക്രഷര്‍ ലോബികളും ചേര്‍ന്നാണ് ഈ പാടശേഖരത്ത് അനധികൃതമായി കരിങ്കല്ല് കൊണ്ടുവന്നിട്ടിരിക്കുന്നത്. ഈ കരിങ്കല്ല് ശേഖരം മാറ്റിയാല്‍ പീന്നീട് ഈപാടശേഖരം കരഭൂമിയാക്കി മാറ്റിയെടുക്കാനുള്ള തന്ത്രം കൂടിയാണ് ഇതിന് പിന്നിലുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.

പാടശേഖരത്തിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന ക്രഷറിനെതിരെ പ്രദേശവാസികള്‍ നിരവധി സമരങ്ങള്‍ നടത്തിയിട്ടുള്ളതാണ്.എന്നാല്‍ സമരക്കാരെ ഭീക്ഷണിപ്പെടുത്തിയും പലവിധ കള്ളകേസ്സിലും കുടുക്കി ഈ സമരങ്ങളെ അട്ടിമറിക്കുകയായിരുന്നു. ഈ ക്രഷറിന്റെ ഏകദേശം 300 മീറ്റര്‍ പുറകിലാണ് അനധികൃത കരിങ്കല്ല് ശേഖരം ഇപ്പോള്‍ളുള്ളത്. രാത്രി കാലങ്ങളില്‍ ഇവിടെ നിന്നും ജെ.സി.ബി ഉപയോഗിച്ച് നൂറുകണക്കിന് ലോഡുകള്‍ പല ക്രഷറുകളിലേക്കും കയറ്റി കൊണ്ടുപോകുന്നുണ്ടെന് നാട്ടുകാര്‍ പറഞ്ഞു. ഈ വിവരങ്ങള്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളെ അറിയിച്ചിട്ട് നിയമലംഘനം തടയുന്നതിന് ഉദ്ദ്യോഗസ്ഥരാരും തയ്യാറായിട്ടില്ല. അതുകൊണ്ട് ഗവണ്‍മെന്റ് നേരിട്ട് ഇടപെട്ട് ഈ നിയമലംഘനത്തിന് പരിഹാരം ഉണ്ടാക്കുകയും പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായി ഇടപെടണമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളായ സംസ്ഥാന കമ്മിറ്റിയംഗം റ്റി.ഡി. സ്റ്റീഫന്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ സുനില്‍ സി. ഐക്കരത്ത്, നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് ജോര്‍ജ് മങ്ങലി, നെല്‍സണ്‍ മാടവന എന്നിവര്‍ ആവശ്യപ്പെട്ടു.