ഹര്‍ത്താല്‍ ദിനത്തില്‍ മാതൃകയായി ഒരു കൂട്ടം യുവാക്കള്‍

കാലടി: ഹര്‍ത്താല്‍ ദിനത്തില്‍ മാതൃകയായി കാലടി ചെങ്ങല്‍ എവര്‍ഗ്രീന്‍ റസിഡന്‍സ് അസോസിയേഷന്‍. പലരും ഹര്‍ത്താല്‍ ദിനം ഒഴിവുദിവസമാക്കിയപ്പോള്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ചെങ്ങല്‍ സെന്‍റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളിന് മുന്‍മ്പില്‍ സീബ്രാ ലൈന്‍ വരച്ചു നല്‍കി.  മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ക്കൂളാണ് ചെങ്ങല്‍ സെന്‍റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍. കാലടി ആലുവ റോഡിനു സമീപത്താണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. പലപ്പോഴും അമിത വേഗത്തിലാണ് റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതും. ഭീതിയോടെയാണ് വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ സീബ്രാ ലൈന്‍ വേണമെന്ന് നിരവധി തവണ നാട്ടുകാരും, മാതാപിതാക്കളം അധികൃതരോട് ആവിശ്യപ്പെട്ടതാണ്. അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ റസിഡന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കള്‍ രംഗത്തിറങ്ങുകയായിരുന്നു. രാവിലെ തന്നെ സീബ്രാ ലൈന്‍ വരക്കാനുളള പ്രവര്‍ത്തനം ആരംഭിച്ചു. ഉച്ചയോടെ പൂര്‍ത്തിയാവുകയും ചെയ്തു. സ്കൂള്‍ സമയത്ത് ഇവിടെ പോലീസിന്‍റെ സേവനം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.