കാലടി സമാന്തരപാലം: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

കാലടി: കാലടി സമാന്തര പാലത്തിന്‍റെ പ്രാഥമിക പരിശോധന ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനായി 11,489,28 രൂപ അനുവദിച്ചതായി റോജി എം ജോണ്‍ എംഎല്‍എ അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമായി മണ്ണ് പരിശോധന, തൂണുകള്‍ സംബന്ധിച്ച രൂപരേഖ, ഉയരം, വീതി എന്നീ വിശദവിവിരങ്ങള്‍ ആധികാരികമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതിനായി വിദഗ്ധ സംഘം പരിശോധനകള്‍ ആരംഭിക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണത്തിന്‍റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്നത്.
ഇടുങ്ങിയ റോഡുകളും നിലവിലെ പാലത്തിന്‍റെ ബലക്ഷയവും മൂലം കാലടി പട്ടണം വര്‍ഷങ്ങളായി ഗതാഗതകുരുക്കിലാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സമരത്തിലായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭമായി 42 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ മുടങ്ങി കിടക്കുകയായിരുന്നു.