നിയന്ത്രണം വിട്ട ടോറസ് ഇടമലയാര്‍ കനാലില്‍ വീണുമലയാറ്റൂര്‍: നിയന്ത്രണം വിട്ട് ടോറസ് ഇടമലയാര്‍ കനാലില്‍ വീണു.മലയാറ്റൂര്‍ കണ്ണിമംഗലം യൂക്കാലിക്കു സമീപത്തെ ഇടമലയാര്‍ കനാലിലാണ് ടോറസ് വീണത്. അപകടത്തില്‍ ഡ്രൈവര്‍ നീലീശ്വരം മുണ്ടങ്ങാമറ്റം പടുകുഴി വീട്ടില്‍ രാഹുലിന് (20) ഗുരുതര പരിക്കേറ്റു. രാഹുല്‍ എറണാകുളം മെഡിക്കല്‍ട്രസ്റ്റില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.
കണ്ണിമംഗലത്തെ ഒരു പാറമടയില്‍ പാറക്കല്ലെടുക്കാന്‍ പോയതാണ് രാഹുല്‍. രാവിലെ മുന്‍ഗണന പ്രകാരം നേരത്തെ പാറകിട്ടുന്നതിനായാണ് രാത്രി വണ്ടി കൊണ്ടിടുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും രാഹുല്‍ തിരിച്ചു വരാത്തതിനാല്‍ വാഹന ഉടമയും, നാട്ടുകരും നടത്തിയ തിരച്ചിലിലാണ്   അപകടം പറ്റിക്കിടക്കുന്നത് കണ്ടത്. കാല് ഒടിഞ്ഞതിനാല്‍ രാഹുലിന് കനാലില്‍ നിന്നും കയറാന്‍ സാധിച്ചിരുന്നില്ല. വാഹനം പൂര്‍ണമായും തകര്‍ന്നു.
ഇടമലയാര്‍ കനാലിന്‍റെ ഏറ്റവും ആഴമേറിയ പ്രദേശമാണിത്. ഇവിടെ വന്‍ അപകട ഭീക്ഷണിയാണ്. കുത്തനെയുളള ഇറക്കമാണിവിടെ. കനാലിന് കൈവരികളോ,വെളിച്ചമോ ഇല്ല. കനാലിന്‍റെ വശങ്ങള്‍ കാടു പിടിച്ചു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കനാല്‍ കാണാന്‍ സാധിക്കുകയുമില്ല. മലയാറ്റൂര്‍ തീര്‍ത്ഥാടനം തുടങ്ങുമ്പോള്‍ നിരവധി പേരാണ് ഇതിലുടെ വരുന്നത്. അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ അപകടമാകും ഇവിടെ വരാനിരിക്കുന്നത്.