വിവിധ കേസുകളില്‍ രണ്ട് പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു

കാലടി: വിവിധ കേസുകളിൽ രണ്ട് പേരെ കാലടി പോലീസ് അറസ്റ്റു ചെയ്തു. കാലടി സനൽ കൊലപാതകം, മലയാറ്റൂർ കാടപ്പാറയിൽ കല്യാണ വീട്ടിലെ വധശ്രമം എന്നീ കേസുകളിലെ പ്രതികളെയാണ് പിടികൂടിയിരിക്കുന്നത്. കല്യാണ വീട്ടിലെ വധശ്രമക്കേസിൽ പ്രായപൂർത്തിയാകാത്തയാളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.സനൽ വധശ്രമക്കേസിൽ മുഖ്യ പ്രതികൾക്ക് സഹായം ചെയ്തു നൽകിയ മഞ്ഞപ്ര സെബിപുരം എടാട്ടുകാരൻ ജോമോനെ (22)യാണ് പോലീസ് അറസ്റ്റു ചെയ്തത്.
സനലിനെ വെട്ടിയ മുഖ്യ പ്രതികളായ കാരരെതീഷ്, ഗ്രിന്റെഷ്, എൽദോ,ടോണി എന്നിവർക്ക് സനലിന്റെ സ്ഥലം പറഞ്ഞു കൊടുത്തത് ജോമോനാണ്. ഇന്നോവ കാറിൽ സഞ്ചരിച്ചാണ് പ്രതി ഇവർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നത്.കേസിൽ 12-)0 പ്രതിയാണ് ജോമോൻ. കൊലപാതകത്തിനു ശേഷം ഇയാൾ സംസ്ഥാനം വിട്ടു പോകുകയും ചെയ്തു.പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുമാണ് പ്രതി പിടിയിലാകുന്നത്.
സെപ്തംബർ 26 ന് കാലടി പുത്തൻകാവ് ക്ഷേത്രത്തിനു സമീപത്തെ റോഡിൽ വച്ചാണ് സനലിനെ കൊലപ്പെടുത്തിയത്.സംഭവത്തിൽ 17 പ്രതികളാണുള്ളത്. ഇതിൽ ഒരാളെക്കൂടി പിടികൂടാനുണ്ട്.ഇയാളെ ഉടൻ പിടികൂടുമെന്ന് സി.ഐ സജി മാർക്കോസ് പറഞ്ഞു.
മലയാറ്റൂർ കടപ്പാറയിൽ കല്യാണ വിട്ടിൽ നടന്ന വധശ്രമക്കേസിൽ പ്രായപൂർത്തിയാകാത്തയാളെയാണ് പിടികൂടിയിരിക്കുന്നത്. സെപ്റ്റംബർ 11 ന് കല്ല്യാണ വീട്ടിൽ വച്ച് റിതിൻ രാജനെയാണ് കത്തി കൊണ്ട് കുത്തിയും കമ്പിവടിക്ക് അടിച്ചുമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.കേസിൽ എട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.