പാഠം ഒന്ന് കൃഷികാലടി: വിഷരഹിത പച്ചക്കറിയില്‍ നൂറ് മേനി വിളയിക്കുകയാണ് നടുവട്ടം സെന്റ്: ആന്റണീസ് എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ കൃഷിത്തോട്ടത്തില്‍ കൂര്‍ക്ക, കപ്പ, കാച്ചില്‍, പയര്‍, വാഴ അങ്ങനെ വിവിധയിനം ഉത്പന്നങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. മണ്ണിനോടും, കൃഷിയോടും കൂട്ടികളില്‍ ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അധികൃതര്‍ കൃഷി ആരംഭിച്ചത്.കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ റോജി എം ജോണ്‍ എം എല്‍ എ യാണ് ഹരിതം 2016 എന്ന പേരില്‍ തുടക്കിയ കൃഷിയുടെ  ഉദ്ഘാടനം നിര്‍വ്വഹിച്ചത്.വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൃഷി പരിപാലിക്കുന്നത്. സമയാസമയങ്ങളില്‍ കളപറിക്കും. പൂര്‍ണ്ണമായും ജൈവ വളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കൃഷിയില്‍ ഓരോ ക്ലാസിനും പ്രത്യേക ചുമതലകളാണുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരും, പി.ടി.എ യും പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതും. കുട്ടികള്‍ക്ക് കൃഷി നല്ലൊരു വിനോദ മാര്‍ഗ്ഗം കൂടിയാണെന്ന് പ്രഥാനാദ്ധ്യാപിക കെ.പി. ആനി പറയുന്നു. കൃഷിയിടത്തിലെ വിഭവങ്ങള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് പാകം ചെയ്തു നല്‍കുകയും ചെയ്യുന്നു. കൂടാതെ ആവിശ്യക്കാര്‍ക്ക് വില്‍പ്പനയുമുണ്ട്.എല്‍ കെ ജി മുതല്‍ നാലാം ക്ലാസുവരെ 62 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഇനിയും കൃഷി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.