വിവിധ കേസുകളിലെ പ്രതികളെ കാലടി പോലീസ് പിടികൂടി

കാലടി: കാലടി സനൽ കൊലപാതകം, മഞ്ഞപ്ര ഗുണ്ട ആക്രമണം എന്നി കേസുകളിൽ ഒളിവിൽ പോയ മൂന്ന് പ്രതികളെ കാലടി പോലീസ് പിടികൂടി.സനലിനെ കൊലപ്പെടുത്തിയ കേസിൽ നീലീശ്വരം മേയ്ക്കാമഠം വീട്ടിൽ സുജിത്ത് (22), മറ്റൂർ വട്ടപ്പറമ്പ് ആലപ്പാട്ട് വീട്ടിൽ മനീഷ് (23) മഞ്ഞപ്ര ഗുണ്ട ആക്രമണത്തിൽ മറ്റൂർ മരോട്ടിച്ചോട്ടിൽ പാലാട്ടി വീട്ടിൽ ജോസഫ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.സനൽ കൊലപാതകത്തിൽ നേരത്തെ പിടിയിലായ മുഖ്യപ്രതികളായ കാരരെതീഷ്, എൽദോ,ടോണി, ഗ്രിന്റേഷ് എന്നിവർക്ക് കൃത്യത്തിനു വേണ്ടി ഗൂഡാലോചന, ആയുധങ്ങൾ നിർമ്മിക്കാൽ ഏർപ്പാടാക്കൽ, ആയുധങ്ങൾ എത്തിച്ചു നൽകൽ എന്നിവ ചെയ്തത് സുജിത്തും, മനീഷും ചേർന്നാണ്.
കൊലപാതകത്തിനു ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. കർണ്ണാടകയിലെ ചിക്ക് മംഗ്ലൂരിൽ പ്രതികൾ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്.പ്രതികൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സെപ്റ്റംബർ 26 ന് കാലടി പുത്തൻകാവ് ക്ഷേത്രത്തിന് സമീപത്തെ റോഡിൽ വച്ചാണ് സനലിനെ കൊലപ്പെടുത്തിയത്.സനലിന്റെ സംസ്ക്കാര ദിവസമായ സെപ്റ്റംബർ 28 ന് രാത്രി എട്ട് മണിയോടെയാണ് മഞ്ഞപ്രയിൽ ഗുണ്ട ആക്രമണം നടന്നത്. അയ്യമ്പുഴ നെട്ടിനമ്പിളളി കൊടിക്കാട്ട് വീട്ടിൽ ആജീഷിനെയാണ് ഗുണ്ട സംഘം ആക്രമിച്ചത്.സംഭവത്തെ തുടർന്ന് ജോസഫ് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ആക്രമണവു ബന്ധപ്പെട്ട് 4 പേരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കൊലപാതക ശ്രമം, മാരകായുധം ഉപയോഗിച്ചുള്ള കുറ്റകൃത്യം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ജോസഫ്. അന്വേഷണത്തിൽ ആക്രമണത്തിന് ഉപയോഗിച്ച വാളുകളും കണ്ടെത്തി. എസ്.പി. ഉണ്ണിരാജ ഐ.പി.എസിന്റെ നിർദ്ദേശത്തെ തുടർന്ന് സി.ഐ സജി മാർക്കോസ്, എസ്.ഐ. നോബിൾ മാനുവൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എ.എസ്.ഐ മാരായ ഉണ്ണികൃഷ്ണൻ, ബോസ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ, അബ്ദുൾ സത്താർ, മുഹമ്മദ് ഇക്ബാൽ, ലാൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.