സ്നേഹത്തിന്‍െറ ‘റോള്‍സ് റോയ്സ്’
ഞാവല്‍ മരം തണല്‍ വിരിക്കുന്ന ഒരു പടിക്കെട്ടുണ്ട് പെരുമ്പാവൂരിന് സമീപത്തെ കീഴില്ലം സെന്റ് തോമസ് സ്കൂളില്‍. വൈകുന്നേരങ്ങളില്‍ നീണ്ട ബെല്ലടിക്ക് പിന്നാലെ വീട്ടിലേക്കോടുന്ന കുട്ടിക്കൂട്ടത്തിനിടയിലൂടെ നാലുവയസിന് ഇളപ്പമുള്ള അനുജന്‍െറ തോളില്‍ കൈയിട്ട് ആ പടിക്കെട്ടിറങ്ങുന്ന പത്താംക്ളാസുകാരന് ഒരു കാഴ്ചയാണ്. സ്കൂളില്‍ നിന്ന് ഒരുകിലോമീറ്റര്‍ ദൂരമുണ്ട്, മണ്ണൂരിലെ അവരുടെ വീട്ടിലേക്ക്. എം.സി റോഡരികിലൂടെ വീട്ടിലേക്ക് നടക്കുമ്പോഴും ജ്യേഷ്ഠന്‍െറ കൈ അനുജന്‍െറ തോളില്‍ നിന്ന് മാറ്റിയിട്ടുണ്ടാകില്ല, ഒരു കരുതലെന്ന പോലെ.
ആ കരുതലിന് പില്ക്കാലത്ത്, അനുജന് ജ്യേഷ്ഠന് തിരിച്ചുനല്‍കിയത്, ഒരു ജീവിതം തന്നെയാണ്. പത്തുവര്‍ഷമായി ജ്യേഷ്ഠന്‍െറ ശരീരത്തില്‍ മിടിക്കുന്ന ഒരു വൃക്കയുടെ രൂപത്തില്‍. ഒരുപക്ഷെ, 20ാം വയസില്‍ വൃക്കദാനം ചെയ്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയെന്നത് പോലും ഓര്‍ക്കാതെ. എന്നും തന്നെ ചേര്‍ത്തുനിര്‍ത്തിയ ജ്യേഷ്ഠന് റോള്‍സിനെ അതിലേറെ കരുത്തോടെ തിരിച്ച് ജീവിതത്തിലേക്ക് ചേര്‍ത്തുപിടിക്കുകയായിരുന്നു അനുജന് റോയ്സ്.
മണ്ണൂര്‍ ചുളവങ്ങാട്ട് വീട്ടില്‍ അബ്ദുല്‍ കരീമിന്‍െറയും മേരിയുടെയും മകനായ റോള്‍സിന് ഏക അനുജനാണ് റോയ്സ്. ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായിരുന്നു, മാതാവ് മേരി. എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ റോള്സിന്െറ പിതാവ് മരിച്ചു. ആ വേര്‍പാടിന്‍െറ ആഘാതത്തില്‍ നിന്ന് മോചനം തേടി രണ്ടുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അനുജനെയും ചേര്‍ത്തുപിടിച്ച് സ്കൂളിന്‍െറ ആരവത്തിലേക്ക് റോള്‍സ് തിരികെയത്തെി. ‘ജീവിതത്തിലെ ഏറ്റവും വലിയ ദു$ഖം വന്നുചേര്‍ന്നിട്ടും അത് കാര്യമാക്കാതെ അവന് ക്ളാസിലേക്ക് എത്തി’-അതുകണ്ട് ബയോളജി ക്ളാസില്‍ സാംമാത്യു സാര്‍ പറഞ്ഞു. എന്നാല്‍ ആഘാതങ്ങള്‍ ജീവിതത്തില്‍ പിന്നെയും കാത്തിരിപ്പുണ്ടായിരുന്നു റോള്‍സിനെ.
2004ല്‍ കോതമംഗലം എം.എ കോളജ് ഓഫ് എഞ്ചിനീയറിങില്‍ എം.സി.എ മൂന്നാം സെമസ്റ്ററിന് പഠിക്കുമ്പോഴാണ് വിട്ടുമാറാത്ത തലവേദനയുടെ ചികില്‍സക്കിടെ വൃക്ക തകരാറിലായത് കണ്ടത്തെിയത്. അധികരിച്ച രക്തസമ്മര്‍ദ്ദമാണ് വൃക്കയെ തകരാറിലാക്കിയത്. അസുഖം പത്താംക്ളാസ് മുതല്‍ ബാധിച്ചിട്ടുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരുവര്‍ഷത്തോളം മരുന്നുകഴിച്ചു. ഡയാലിസിസും മുറക്ക് നടന്നു. മാതാവ് മേരി തന്‍െറ വൃക്ക നല്കാന് ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് ക്രോസ് മാച്ചിങില് പരാജയപ്പെട്ടു.<
ഈ അവസരത്തിലാണ് കോതമംഗലം എം.എ കോളജില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന അനുജന് റോള്‍സ് തന്‍െറ വൃക്ക ജ്യേഷ്ഠനുവേണ്ടി എടുക്കണമെന്ന് ആവശ്യപ്പെടുന്നത്. അവയവദാനത്തെ കുറിച്ച് അവബോധം കാര്യമായി നടന്നിട്ടില്ലാത്ത അന്ന് ആ 20 വയസുകാരന്‍െറ സന്നദ്ധത എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പോലും അത്ഭുതമായി. അതുവരെ, 518 അവയവദാന ശസ്ത്രക്രിയകള്‍ നടന്ന അവിടെ ഈ പ്രായത്തില്‍ ഒരാള്‍ ദാതാവാകുന്നത് ആദ്യമായിരുന്നു. അതേ ആശുപത്രിയില്‍ വൃക്ക തകരാറായി കിടന്ന മറ്റൊരാള്‍ക്ക് ആറ് സഹോദരന്മാര് ഉണ്ടായിട്ടും പേടിമൂലം ആരും അവയവദാനത്തിന് തയാറാകാതിരുന്ന അവസരത്തില്‍ പ്രത്യേകിച്ചും.
റോള്‍സ്, റോയ്സ് എന്ന പേരുപോലെ അടുപ്പമുള്ള മനസുകള്‍ക്ക് മുന്നില്‍ ക്രോസ്മാച്ചിങ് വിജയിച്ചു. അങ്ങനെ 2005 ഏപ്രില്‍ 12ന് റോള്സിന്െറ ശരീരത്തില്‍ റോയ്സിന്െറ വൃക്കവെച്ചു പിടിപ്പിച്ചു.
കീഹോള്‍ സര്‍ജറിയിലൂടെയാണ് റോയ്സില്‍ നിന്ന് വൃക്കയെടുത്തത്. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ തന്നെ അനുജന് ആശുപത്രി വിടാനായി. ആദ്യനാളുകളില്‍ മാസം 27,000 രൂപയോളം റോള്‍സിന് മരുന്നിനും പരിശോധനകള്‍ക്കുമായി ശസ്ത്രക്രിയക്ക് ശേഷം ചെലവുവന്നു. പുറത്തുനിന്നും വെച്ചുപിടിപ്പിച്ച അവയവത്തെ ശരീരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് പില്ക്കാല ജീവിതം വേണ്ടതെന്ന് റോള്‍സ് പറയുന്നു.
‘ശരീരത്തിന്‍െറ സ്വാഭാവിക പ്രതിരോധ ശേഷി വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ അതിനായി മരുന്നുകള്‍ ഇന്നും കഴിക്കണം. പനിയും ജലദോഷവും എളുപ്പം പിടിപെടാന്‍ സാധ്യത കൂടുതലാകും. അതുകരുതിയുള്ള പില്ക്കാല ജീവിതമാണ് വൃക്ക ഏറ്റുവാങ്ങിയയാള്‍ ചെയ്യേണ്ടത്. അതേസമയം, വൃക്ക ദാതാവിന് സാധാരണ ജീവിതം നയിക്കാനുമാകും’-റോള്‍സ് പറയുന്നു.
ശസ്ത്രക്രിയക്ക് ശേഷം വന്‍ സാമ്പത്തിക ബാധ്യത വന്ന കുടുംബത്തിന് റോള്സിന്െറ കോളജിലെ സഹപാഠികളും അലുംമ്നി അസോസിയേഷനും കൈത്താങ്ങായി. കോളജിലെ വകുപ്പ് മേധാവി എലിസബത്ത് ടീച്ചര്‍ കോഓഡിനേറ്ററായി സാമ്പത്തിക സഹായത്തിന് ഒപ്പംനിന്നു. പതുക്കെ പതുക്കെ, ജീവിതത്തിലേക്ക് തിരിച്ചുവന്ന റോള്‍സ് പഠനം തുടര്‍ന്നു. 77 ശതമാനം മാര്‍ക്കോടെ എം.സി.എ വിജയിച്ചു. ഇന്ന് ബംഗലൂരുവില്‍ ഒറാക്ക്ള്‍ കമ്പനിയില്‍ പ്രിന്‍സിപ്പല്‍ സോഫ്റ്റ്വെയര് എഞ്ചിനീയറാണ് റോള്‍സ്. റോയ്സ് എറണാകുളം വൈറ്റിലയില്‍ വെബ് ഡെവലപ്പറായും ജോലിചെയ്യുന്നു.
എറണാകുളം കലൂരില്‍ ഡയാലിസിസ് ടെക്നീഷ്യനായ സെബി റോള്‍സിന് ജീവിത സഖിയായി മാറിയെന്നത് മറ്റൊരു യാദൃശ്ചികത. കരുണയും സ്നേഹവും നിറഞ്ഞ ഇവര്‍ സഹോദരന്മാര് ഒന്നിച്ചുകൂടിയാല് ചുളവങ്ങാട്ട് വീട്ടില്‍ ക്രിസ്മസും പെരുന്നാളും ഓണവുമെല്ലാം പൊടിപൊടിക്കും. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി റോള്സിന്െറ കുഞ്ഞ് ആനന്ദും കൂടെയുണ്ട്.