പുഴയുടെ ഓളം, സൗഹൃദത്തിന്‍െറ താളം

ആലുവ പുഴയുടെ തീരത്ത്, കൃത്യമായി പറഞ്ഞാല്‍ ശിവരാത്രി മണപ്പുറത്തോട് ചേര്‍ന്ന് ഒരു ഓള്‍ഡ് ജി.സി.ഡി.എ റോഡുണ്ട്. അതിലൂടെ സൈക്ക്ളും ചവിട്ടി ഒരു മെലിഞ്ഞ പയ്യന്‍ രാവിലെയും വൈകിട്ടും തന്‍െറ വീടിന് മുന്നില്‍ കൂടി സ്കൂളിലേക്ക് പോകാറുള്ളത് അവിടെ താമസമാക്കിയ നാള്‍ മുതല്‍ ഫൗസിയ അബൂബക്കര്‍ കാണുന്നു. രണ്ടുവീടുകള്‍ക്ക് അപ്പുറത്തെ പോളി ചേട്ടന്‍െറയും ത്രേസ്യാമ്മ ചേച്ചിയുടെയും മകന്‍. ഹൗസിങ് കോളനിയിലെ മറ്റു മിക്കവാറും പേരെയും പരിചയപ്പെട്ട് കാണുമ്പോള്‍ ചിരിക്കാറുണ്ടെങ്കിലും തലയും കുമ്പിട്ട് സൈക്ക്ളില്‍ പാഞ്ഞുപോകുന്ന ഈ ചെറുക്കന്‍ മാത്രം അടുക്കുന്നില്ല. തനി നാണംകുണുങ്ങി…

ഇവനെ ഒന്നുപിടിച്ചു നിര്‍ത്തി പരിചയപ്പെടണമെന്ന് കരുതിയിരുന്നെങ്കിലും വീടിന് പുറത്തിറങ്ങുമ്പോഴേക്കും ചെറുക്കന്‍ പാഞ്ഞിട്ടുണ്ടാകും. അങ്ങനെ ഒരുദിവസം കാത്തിരുന്നു തന്നെ അവനെ സൈക്ക്ളില്‍ പിടിച്ചുനിര്‍ത്തി. ‘ഈ പരിസരത്തെ എല്ലാവരെയും എനിക്കറിയാം. നീ മാത്രമെന്താ ചിരിക്കാന്‍ കൂടി നില്‍ക്കാതെ പോകുന്നത്’-ഫൗസിയയുടെ ചോദ്യത്തിന് മുന്നില്‍ ആ പ്ളസ്ടുക്കാരന്‍ ചെറുക്കന്‍ ചിരിച്ചു. പരിചയപ്പെട്ട് വീണ്ടും സൈക്ക്ള്‍ ചവിട്ടി വീട്ടിലേക്ക് നീങ്ങി. തല അപ്പോഴും കുമ്പിട്ടുതന്നെ. എങ്കിലും പിന്നെ ചിരിക്കാനും വര്‍ത്തമാനം പറയാനും ചെറുക്കന്‍ കൂടിത്തുടങ്ങി. അത് അവന്‍െറ അമ്മക്കും വലിയ അല്‍ഭുതമായി. ആരോടും മിണ്ടാത്ത ചെക്കന്‍ അയല്‍ക്കാരില്‍ ഫൗസിയയോട് മാത്രം മിണ്ടിത്തുടങ്ങിയതില്‍.

ആലുവാ പുഴ വര്‍ഷങ്ങളെയും കൊണ്ട് പിന്നെയും ഒഴുകി. കഴിഞ്ഞ റമദാന്‍ കാലത്ത് ഒരു ദിവസം വീടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ‘ഫൗസിചേച്ചീ’ എന്ന വിളിയോടെ കാറില്‍നിന്നിറങ്ങി വന്ന ആ ചെറുക്കനെ കണ്ടപ്പോള്‍ മുഖത്ത് പഴയ നാണക്കാരന്‍െറ അതേ ലാഞ്ചന വീണ്ടും ഫൗസിയയുടെ മനസില്‍ ഓളംവെട്ടി. അന്നത്തെ ക്ളീന്‍ ഷേവ് പയ്യന്‍െറ മുഖത്ത് ഇന്ന് മലയാളക്കരയിലെ യുവാക്കളെയാകെ ബാര്‍ബര്‍ ഷാപ്പില്‍ നിന്നകറ്റിയ നിറഞ്ഞ താടി. കണ്ണുകളില്‍ കോളജ് പിള്ളേരെ പുളകംകൊള്ളിക്കുന്ന വിടര്‍ന്ന ചിരി. പ്രേമത്തിലെ ‘ജോര്‍ജ് ഡേവിഡും’ ആക്ഷന്‍ ഹീറോയിലെ ബിജു പൗലോസും തട്ടത്തിന്‍ മറയത്തിലെ വിനോദും ഒക്കെയായി പകര്‍ന്നാടിയ നിവിന്‍ പോളി.

‘കാണുന്ന കാലം മുതല്‍ അവന്‍ ഒരു ഡിസിപ്ളിന്‍ പയ്യനാണ്. തലയും കുമ്പിട്ട് നടക്കുന്ന ശൈലി. ഇവിടെ റെസിഡന്‍സ് അസോസിയേഷന്‍െറ പരിപാടികളുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ ഞാന്‍ ഒത്തിരി നിര്‍ബന്ധിക്കും അവനെയും കൂട്ടുകാരെയും പങ്കെടുപ്പിക്കാന്‍. അതിന് വഴങ്ങി മിക്കവാറും വര്‍ഷം അവരുടെ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചിരുന്നു. പരിപാടികളുടെ കലാശക്കൊട്ടായി നിവിനും സംഘവും ബ്രേക്ക് ഡാന്‍സ് കളിക്കും. ഇത്ര നന്നായി ഡാന്‍സ് ചെയ്യുന്ന പയ്യനെ കണ്ടത്തെിയതിന്‍െറ ക്രെഡിറ്റ് എനിക്കുമായി’-ഫൗസിയ പറയുന്നു. കൂട്ടും കൂട്ടുകാരുമൊക്കെ ഉണ്ടായിരുന്നപ്പോഴും ഒരു വീട്ടുകാരന്‍ പയ്യനായിരുന്നു നിവിന്‍, പ്രേമത്തില്‍ കണ്ട പോലെ അത്ര തല്ലിപ്പൊളിയല്ല യഥാര്‍ഥത്തില്‍ എന്ന് അയല്‍ക്കാരിയുടെ സാക്ഷ്യം.

കോഴിക്കോട് മാങ്കാവില്‍ മണിയാട്ടുകുടി പരേതനായ എം.കെ. കോയ ഹാജിയുടെയും ഫാത്തിമയുടെയും ഇളയ മകളായ ഫൗസിയ ബിസിനസുകാരനായ എറണാകുളം പള്ളിക്കര കാരുകുന്നത്ത് അബൂബക്കറിന്‍െറ ഭാര്യയാണ്. ഗള്‍ഫില്‍ ഏറെക്കാലം കഴിഞ്ഞതിന് ശേഷമാണ് ആലുവയില്‍ മണപ്പുറത്തിന് സമീപം വീടുവെച്ച് ജീവിതം ഇവിടേക്ക് പറിച്ചുനട്ടത്. അറബി, ഉര്‍ദു, മലയാളം, ഹിന്ദി, ഇംഗ്ളീഷ് തുടങ്ങി നാടന്‍ മലയാള ഭാഷയില്‍ വരെ കവിതകള്‍ എഴുതുന്നുണ്ട് അവര്‍. നിരവധി പരസ്യചിത്രങ്ങള്‍ക്കും വരികള്‍ എഴുതി നല്‍കി. കവി റഫീക്ക് അഹമ്മദും സംഗീത സംവിധായകന്‍ ശ്യാം രമേശുമൊക്കെ അവരുടെ വരികളില്‍ ആകൃഷ്ടരായി നിരവധി സിനിമകളിലും ആല്‍ബങ്ങളിലും ഫൗസിയയെ ഭാഗഭാക്കാക്കിയിട്ടുണ്ട്. കഴിഞ്ഞ കൊച്ചി ബിനാലെയിലെ ചിത്രകാരി കൂടിയാണ് അവര്‍.

നിവിന്‍ പോളി പ്ളസ്ടുസ്കൂള്‍ കാലത്ത് തന്‍െറ വീടിന് മുന്നിലൂടെ പോകുന്നത് കാണുമ്പോള്‍ അവനെ വെച്ച് ഒരു ആല്‍ബം ചെയ്യണമെന്ന് ഫൗസിയക്ക് മോഹമായി. അതിനായി വരികളും ചിട്ടപ്പെടുത്തി. അതിങ്ങനെ:

‘പറയാതെ പെയ്തൊരു മഴയില്‍ കുതിര്‍ന്നെന്‍െറ
മനവും മണപ്പുറവും…
പകലന്തിയോളമെന്‍ പടിവാതിലില്‍ വന്ന
സൂര്യനിന്നെങ്ങോട്ടു പോയി…

നിവിനെ ഒരു ഗന്ധര്‍വ വേഷഭാവത്തില്‍ ആല്‍ബത്തില്‍ അവതരിപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. വരികളുടെ ആലാപനവും മറ്റും സ്റ്റുഡിയോയില്‍ പൂര്‍ത്തിയായെങ്കിലും ഷൂട്ടിങ് മാത്രം പലകാരണങ്ങളാല്‍ നടത്തില്ല. ഏറ്റവും വലിയ കാര്യം ‘നിന്നെ വെച്ച് ഞാനൊരു ആല്‍ബം ചെയ്യുന്നു’ണ്ടെന്ന കാര്യം അന്ന് നിവിനോട് ഫൗസിയ പറഞ്ഞിരുന്നില്ല. ആ പ്ളസ്ടുക്കാരന് ഒരു സര്‍പ്രൈസ് ആകട്ടെയെന്ന് കരുതി അവസാനം പറയാന്‍ മാറ്റിവെച്ചതാണ് അക്കാര്യം. ഇന്ന് നിവിന്‍െറ ‘ഡേറ്റി’നായി ക്യൂ നില്‍ക്കുന്നുണ്ടാകും അനേകംപേര്‍ എന്നോര്‍ക്കുമ്പോള്‍ ഫൗസിയക്ക് ചിരിക്കാന്‍ പോലും കഴിയാത്ത അമ്പരപ്പ്. നിവിന് ഇന്നും അറിയില്ല അക്കാര്യം.
‘അന്നേ അവനില്‍ ഒരു പ്രത്യേകത കാണാനായിരുന്നു. അത് ഇത്ര വലിയ ഉയരത്തിലേക്കായത് അവന്‍െറ ആഗ്രഹങ്ങളുടെ ഫലമാകും’-അവര്‍ പറയുന്നു.
സ്വിസ്റ്റര്‍ലാന്‍റില്‍ ജോലിയായിരുന്നു നിവിന്‍െറ മാതാപിതാക്കള്‍ക്ക്. ആലുവയില്‍ പ്ളസ്ടു പഠനവും അങ്കമാലി ഫിസാറ്റില്‍ നിന്ന് ബിടെകും കഴിഞ്ഞ് ബംഗളൂരുവില്‍ ഇന്‍ഫോസിസില്‍ കുറച്ചുനാള്‍ ജോലിനോക്കിയ പിതാവിന്‍െറ മരണത്തോടെ നാട്ടിലേക്ക് തിരിച്ചത്തെി. ഒറ്റക്കായ അമ്മക്ക് കൂട്ടായി. ശേഷം മുഴുവന്‍ സമയ സിനിമാക്കാരനായി നിവിന്‍. കൂട്ടുകാരിയായ റിന്ന ജോയി ജീവിതത്തിലും പങ്കാളിയായി. ഇന്ന് മണപ്പുറം ജി.സി.ഡി.എ റോഡ് അറിയപ്പെടുന്നത് നടന്‍ നിവിന്‍ പോളിയുടെ വീടിന്‍െറ പേരിലാകും. അവിടുത്തെ താമസക്കാര്‍ നിവന്‍െറ അയല്‍വാസികളെന്നും.

കഴിഞ്ഞ ജൂലൈ 24ന് ഫൗസിയ അബൂബക്കറിന്‍െറ മകള്‍ മിസ്നാഹ് റീമിന്‍െറ വിവാഹ ദിനത്തില്‍ രാവിലെയും നിവിന്‍ ആ വീട്ടിലത്തെി. ചെന്നൈക്കുള്ള യാത്രയുടെ തിരക്കിനിടയിലും. ‘അന്നുകാണുമ്പോഴും ആ പഴയ ചെക്കന്‍െറ ഭാവംതന്നെ അവനില്‍. ഇടംകൈയുയര്‍ത്തി വീശിയുള്ള അതേ സംസാരവും ചിരിയും. അവനെന്നും ഞങ്ങളുടെ അയല്‍ക്കാരന്‍ പയ്യന്‍ തന്നെ. അവന്‍ എത്തുമ്പോള്‍ ഞങ്ങള്‍ക്കെന്നും പെരുന്നാളാകും. നാണംകുണുങ്ങി…’ -ഫൗസിയ പറഞ്ഞു ചിരിക്കുന്നു.