പാണിയേലിയില്‍ പുഴ പോരടിച്ച നേരം

‘വാഹനം ഇവിടെ പാര്‍ക്കുചെയ്യാമായിരുന്നല്ളോ. ഇനിയും ഒരുകിലോമീറ്ററോളം നടക്കണം, പുഴയത്തെണമെങ്കില്‍’- കാടിന്‍െറ തുടക്കത്തില്‍ മരങ്ങള്‍ക്കിടയിലായി നിര്‍ത്തിയിട്ട കുറച്ചു കാറുകള്‍ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. ‘ഇവിടെയാകുമ്പോള്‍ ഞങ്ങളുടെ നോട്ടവും കിട്ടും’.

പാണിയേലി പോര് പുഴ-വനം സംരക്ഷണ സമിതിയിലെ ഗൈഡുകളില്‍ ഒരാളാണ് ആ സ്ത്രീ. കാര്‍ കുറച്ച് അകലെയായി പാര്‍ക്കുചെയ്താണ് ടിക്കറ്റ് കൗണ്ടറിന് അരികിലേക്ക് നടന്നത്തെിയത്. കുറ്റിക്കാടുകളില്‍ അതിരിട്ട് വന്‍ മരങ്ങളിലേക്ക് പടര്‍ന്നുകയറുകയാണ് ഇവിടെ വനം. അകലെ നിന്ന് കേള്‍ക്കാം പോരടിക്കുന്ന പുഴയുടെ മര്‍മ്മരം. വനത്തിന്‍െറ വന്യത മാടിവിളിക്കുമ്പോള്‍ അതിലേക്ക് നിറഞ്ഞ സൗഹൃദത്തിന്‍െറ വാക്കുകളാല്‍ സ്വാഗതമരുളുകയാണ് ഈ വനം സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകര്‍.
എറണാകുളം ജില്ലയുടെ അതിരുകളില്‍ ഒന്നായ വേങ്ങൂര്‍ പഞ്ചായത്തിലാണ് പാണിയേലി പോര്. കോടനാട് ആനക്കൊട്ടിലിന് സമീപം എം.സി റോഡില്‍ പെരുമ്പാവൂരില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍. നിബിഡ വനത്തിന് താഴെ പാറക്കെട്ടുകളില്‍ പോരടിച്ച് പായുന്ന പെരിയാര്‍ പുഴ. അതിനരികിലൂടെ കൊടുംകാടിന്‍െറ വന്യസൗന്ദര്യം ആസ്വദിച്ച് ഏറെ ദൂരം നടക്കാം. പുഴയില്‍ പാറക്കെട്ടുകളില്‍ ഇറങ്ങി ഏത് കൊടുംവേനലിലും തെളിഞ്ഞ തണുത്ത വെള്ളത്തില്‍ കുളിക്കാം. കുറച്ചേറെ മുന്‍കരുതലും ശ്രദ്ധയും വേണമെന്ന് മാത്രം. കാരണം പാണിയേലിയില്‍ പുഴ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കൊണ്ടുപോയത് ഇതിനകം 90ഓളം ജീവനുകളാണ്.

കണ്ണെത്താ ദൂരത്തോളം പുഴ പാറക്കെട്ടുകളില്‍ ചിന്നിച്ചിതറി പാല്‍വര്‍ണ്ണമോടെ ഒഴുകുന്നു ഇവിടെ. പുഴക്കപ്പുറവും ഇപ്പുറവും കൊടുംവനം. നവംബര്‍ മുതല്‍ മാര്‍ച്ചുവരെ പുഴയില്‍ വെള്ളം കുറയുമ്പോള്‍ കാഴ്ച്ചക്ക് വിരുന്നേറും. അപ്പോള്‍ കരിമ്പാറകള്‍ തെളിയിച്ച് നിലയ്ക്കാത്ത കിന്നാരം ചൊല്ലിയൊഴുകും പുഴ. അതിന്‍െറ മാസ്മരികതയിലേക്ക് മുന്നുംപിന്നും ചിന്തിക്കാതെ പാറക്കെട്ടുകളില്‍ ചാടിയിറങ്ങിയ യുവാക്കളാണ് ജീവിതത്തില്‍ നിന്ന് തെന്നിവീണത്. കാഴ്ചയുടെ വശ്യതക്ക് അപ്പുറം പാറക്കെട്ടുകളില്‍ പെരിയാര്‍ ഒളിപ്പിച്ച അഗാധ ഗര്‍ത്തങ്ങളും ചുഴികളും ഇവിടുത്തെ ഗൈഡുകള്‍ പലവട്ടം ഓര്‍മിപ്പിക്കുമ്പോഴും കാര്യമാക്കാത്തതിന്‍െറ ദുര്‍ഗതി.
മുന്‍കാലത്ത് പാണിയേലിയില്‍ നിന്ന് മുളകള്‍ മുറിച്ച് ചങ്ങാടമാക്കി മലയാറ്റൂരിലേക്ക് കൊണ്ടുപോകാന്‍ പുഴ കടക്കുമ്പോള്‍ നേരിടേണ്ടി വരുന്ന ഒഴുക്കും അതിനോടുള്ള ചെറുത്തുനില്‍പ്പുമാണ് പാണിയേലി പോര് എന്ന പേര് ഈ സ്ഥലത്തിന് ചാര്‍ത്തികൊടുത്തത്. പുഴയോട് പോരടിച്ച് ജീവിച്ചവരുടെ തലമുറകള്‍ പകര്‍ന്ന പേര്.

പുഴയും കാടും പകരുന്ന സൗന്ദര്യവും നിഗൂഡതയും പേരറിയാ പക്ഷികളുടെ ആരവവും അധികം തിരക്കേറിയിട്ടില്ലാത്ത ഈ വിനോദസഞ്ചാര കേന്ദ്രത്തെ വ്യത്യസ്തമാക്കുന്നു. ഇടമലയാറും ഭൂതത്താന്‍കെട്ടും കടന്ന് പെരിയാര്‍ ആലുവാപ്പുഴയായി മാറുന്നതിന് മുമ്പ് കാടിന്‍െറ അതിര്‍ത്തികള്‍ പിന്നിടുകയാണ് ഇവിടെ.
പുഴയുടെ കാഴ്ചയോടൊപ്പം കാടിന്‍െറ സംഗീതം ആസ്വദിച്ച് ഏറെദൂരം നടക്കാനും ഇവിടെ കഴിയും. വള്ളിക്കാടുകള്‍ തീര്‍ത്ത പച്ചപ്പന്തലിന് താഴെ കൊടുംകാട്ടിലേക്ക് കണ്ണെറിഞ്ഞ് നടക്കാം. ഇടക്കിടെ പുഴയില്‍ കാല്‍ നനക്കാം. പുഴയിലേക്ക് ചാഞ്ഞ മരങ്ങളില്‍ ചാരി കാഴ്ചകളില്‍ മയങ്ങാം.
തണുത്ത പുഴ കാലും മനസും നനച്ച് നില്‍ക്കുമ്പോള്‍ അവിടവിടെയായി നിലയുറപ്പിച്ച ഗൈഡുകള്‍ ജാഗരൂഗരാകുന്നു. നേരം പൊന്‍വെയില്‍ ഉതിര്‍ത്ത് ചാഞ്ഞുതുടങ്ങി. കാറ്റ് കൊണ്ടുവന്ന കാടിന്‍െറ വാസനകളില്‍ എന്തോ വ്യത്യാസം. അതെ, ആനച്ചൂന് അടിക്കുകയാണ്. പാറക്കെട്ടുകളില്‍ അവിടവിടെയായി നേരത്തെ കണ്ണില്‍പെട്ട ആനപ്പിണ്ഡത്തിന് അധിക ദിവസങ്ങളുടെ പഴക്കമില്ലല്ളോയെന്നത് അപ്പോഴാണ് ചിന്തിച്ചത്. സമയം വൈകുന്നേരം നാലരയോട് അടുത്തു. പുഴയിലും പാറക്കെട്ടുകളിലുമായി നിന്നവരോട് കയറി തിരികെ പോകാന്‍ മുന്നറിയിപ്പ് നല്‍കിത്തുടങ്ങി ടൂറിസ്റ്റ് ഗൈഡുകള്‍. കാട്ടുമരങ്ങളില്‍ കെട്ടിയ കൂറ്റന്‍ ഊഞ്ഞാലുകളും അടുത്തിടെ തീര്‍ത്ത ഇരിപ്പിടങ്ങളും വിട്ട് എല്ലാവരും തിരികെ നടന്നുതുടങ്ങി. പുഴ അപ്പോഴും മര്‍മ്മരം പോലെ മന്ത്രിച്ച് ഒഴുകുന്നുണ്ട്. പാറക്കൂട്ടങ്ങളിലെ നിഗൂഡതകള്‍ മറച്ച്, കാറ്റിലെ ആനച്ചൂരും ആസ്വദിച്ച്…